പ്രശസ്ത സിനിമാ സംവിധായകൻ ഷാജൂൺ കാര്യാലിൻ്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ് കൂട്ടായ്മയിലൂടെ പൊതുജന പങ്കാളിത്തത്തിൽ നിർമ്മിച്ച ‘പുളള്’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഓഗസ്റ്റ് നാലിനു കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്ന സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്.
ഷാജൂൺ കാര്യാലിൻ്റെ വിദഗ്ദ്ധമായ മേൽനോട്ടത്തിൽ രൂപം കൊണ്ട ഈ ചലച്ചിത്രം പതിനഞ്ചിൽ പരം രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ആഗോള താപനം പരിസ്ഥിതിചൂഷണം തുടങ്ങിയ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.
റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ ഷബിതയുടേതാണ്. റീന മരിയ, സന്തോഷ് സരസ് തുടങ്ങിയവർ വേഷമിട്ട ഷബിത, വിധു ശങ്കർ, വിജേഷ് ഉണ്ണി, ശാന്തകുമാർ എന്നിവരുടെ തിരക്കഥാരചനയിൽ ഒരുങ്ങിയ ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അജി വാവച്ചനാണ് നിർവഹിച്ചിട്ടുള്ളത്. ജയലാൽ മാങ്ങാട്ടിൻ്റെ കലാസംവിധാനത്തിലുള്ള ഈ ചിത്രത്തിന് രശ്മി ഷാജൂൺ ആണ് വസ്ത്രാലങ്കാരം ചെയ്തിട്ടുള്ളത്.
ഷിംജിത്ത് ശിവൻ, രമേഷ് ബാബു എന്നിവരുടെ സംഗീത സംവിധാനത്തിൽ ഗാനരചന നിർവഹിച്ചത് രേണുക ലാൽ, ശ്രീജിത്ത് രാജേന്ദ്രൻ, ഡോ.ജെറ്റിഷ് ശിവദാസ്, നന്ദിനി രാജീവ് എന്നിവരാണ്. റീന മരിയ, സന്തോഷ് സരസ്, ജയപ്രകാശ് കുളൂർ, ആനന്ദ് ബാൽ, ഹാഷിം കോർമത്ത്, ലത സതീഷ്, ധനിൽ കൃഷ്ണ ശ്രീരാജ് എസ്.എന്‍, സതീഷ് അമ്പാടി, സുധ കാവേങ്ങട്ട്, ബേബി അപർണ ജഗത് എന്നിവരാണ് പ്രധാന നടീനടൻമാർ.