തിരുവനന്തപുരം: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തിരുവനന്തപുരത്തും വോട്ടെടുപ്പ്. ഞായർ വരെ മൂന്ന് ദിവസങ്ങളിലായാണ് വോട്ടെടുപ്പ്. അഞ്ചാം തവണയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭരണത്തുടർച്ച നേടുമെന്നാണ് നിഗമനം. കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാരാണ് തിരുവനന്തപുരത്ത് വോട്ട് ചെയ്യുന്നത്. റഷ്യൻ ഫെഡറേഷൻ്റെ തിരുവനന്തപുരത്തെ ഓണററി കോൺസുലേറ്റായ റഷ്യൻ ഹൗസിൽ പ്രത്യേകം ക്രമീകരിച്ച ബൂത്തിലാണ് റഷ്യൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനായി വോട്ടെടുപ്പ്.
സ്വതന്ത്രനായാണ് 71കാരനായ പുട്ടിന്റെ മത്സരം. നികലൊയ് ഖാറിറ്റോനോവ് ( കമ്മ്യൂണിസ്റ്റ് പാർട്ടി), ലിയനിഡ് സ്ലറ്റ്സകി (ലിബറൽ ഡെമോക്രാറ്റിക് പാർട്ടി), വ്ലാഡിസ്ലാവ് ഡാവൻകോവ് (ന്യൂ പീപ്പിൾ പാർട്ടി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ഇവരെ ഭരണകൂടത്തിന്റെ പാവ സ്ഥാനാർത്ഥികളായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
പ്രതിപക്ഷ അംഗമായ ബോറിസ് നാഡെഷ്ഡിൻ അടക്കം യുക്രെയിൻ യുദ്ധത്തെ എതിർക്കുന്നവരെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയിരുന്നു. അതേ സമയം, പുട്ടിന് നിലവിൽ രാജ്യത്ത് 85 ശതമാനം ജനപിന്തുണയുണ്ടെന്നാണ് സർവേ ഫലം. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുട്ടിൻ.
തിരഞ്ഞെടുപ്പിൽ ജയിക്കുന്നതോടെ കുറഞ്ഞത് 2030 വരെയെങ്കിലും അദ്ദേഹം പദവിയിൽ തുടരും. 1999ൽ ബോറിസ് യെൽറ്റ്സിന് കീഴിൽ പ്രധാനമന്ത്രിയായ പുട്ടിൻ 2000ത്തിൽ ആദ്യമായി പ്രസിഡന്റ് പദവിയിലെത്തി. അന്ന് മുതൽ പ്രധാനമന്ത്രിയായോ പ്രസിഡന്റായോ മുൻ കെ.ജി.ബി ഓഫീസർ കൂടിയായ പുട്ടിൻ റഷ്യ ഭരിക്കുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കിൽ ഏപ്രിൽ 7ന് രണ്ടാം റൗണ്ട് നടത്തും. മേയ് 7നാണ് സത്യപ്രതിജ്ഞ.
ഇന്ത്യയിൽ ന്യൂഡൽഹിയിലെ റഷ്യൻ എംബസിയിലും ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ റഷ്യൻ കോൺസുലേറ്റുകളിലും ഗോവ, കൂടംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പോളിങ് ബൂത്തുകൾ തുറന്നിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലേക്ക് (ഇവിഎം) മാറിയ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, റഷ്യൻ തിരഞ്ഞെടുപ്പുകൾ പേപ്പർ ബാലറ്റുകളാണ് ഉപയോഗിക്കുന്നത്.
ബാലറ്റുകൾ ചെന്നൈയിലെ റഷ്യൻ കോൺസുലേറ്റ് ജനറൽ വഴി മോസ്കോയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് അയയ്ക്കും. അവസാന ഘട്ട പോളിംഗ് അവസാനിച്ചതിന് ശേഷമായിരിക്കും ഈ വോട്ടുകൾ എണ്ണുക.
വിനോദ സഞ്ചാരികൾ ഉൾപ്പെടെ കേരളത്തിലാകെ നൂറോളം റഷ്യക്കാരാണുള്ളത്. പകുതിയോളം ഇവിടെനിന്നു വിവാഹം ചെയ്തു കഴിയുന്നവരാണ്. കോവളം, വർക്കല എന്നിവിടങ്ങളിലാണ് ഇവർ തങ്ങുന്നത്. പാസ്പോർട്ടാണ് വോട്ടെടുപ്പിനുള്ള തിരിച്ചറിയൽ രേഖ. റഷ്യൻ പാസ്പോർട്ടുമായി വരുന്നവർക്ക് വോട്ട് ചെയ്യാം.
റഷ്യൻ പാർലമെന്റായ ‘ദുമ’യിലെ 450 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണിപ്പോൾ നടക്കുന്നത്. ഇതിൽ പകുതി(225) സീറ്റിൽ മണ്ഡല അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിൽ റഷ്യയിലുള്ളവർക്കു മാത്രമാണ് വോട്ട് ചെയ്യാനാവുക. ബാക്കി 225 സീറ്റിൽ സ്ഥാനാർഥികളല്ല ദേശീയ അംഗീകാരമുള്ള പാർട്ടികളാണ് മത്സരിക്കുന്നത്.
ഈ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് റഷ്യൻ പൗരൻമാർ ഉള്ള വിദേശ രാജ്യങ്ങളിലും കോൺസുലേറ്റുകൾ മുഖേന വോട്ടെടുപ്പ് സൗകര്യം ഒരുക്കുന്നത്. സ്ഥാനാർഥികൾക്കല്ല, പാർട്ടിക്കാണ് വിദേശത്തുള്ള റഷ്യക്കാർ വോട്ട് ചെയ്യുന്നത്. ഓരോ പാർട്ടിക്കും കിട്ടുന്ന വോട്ടിങ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ 225 വിഭജിക്കപ്പെടും. അതിലേക്കുള്ള പ്രതിനിധികളെ ആ പാർട്ടി നിശ്ചയിക്കും. ഈ രീതിയിൽ ലഭിക്കുന്ന സീറ്റുകളും മണ്ഡലാടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിലെ സീറ്റുകളും ചേർത്ത് ഭൂരിപക്ഷം നേടുന്ന പാർട്ടിയാവും ഭരണത്തിലെത്തുക.