തൃശൂർ തിപ്പിലശേരിയിൽ ഭൂമിക്കടിയിൽ വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും. വെള്ളിയാഴ്ച വൈകുന്നേരം പശുവിനെ കെട്ടാൻ പോയ യുവാവ് ആണ് ആദ്യം ശബ്ദം കേട്ടെങ്കിലും കാര്യമായി എടുത്തില്ല. എന്നാൽ വെള്ളിയാഴ്ച രാവിലെ നടക്കാനെത്തിയവർ കൂടുതൽ ശക്തമായി ശബ്ദം കേൾക്കുകയും അധികൃതരെ അറിയിക്കുകയുമായിരുന്നു. ജിയോളജി വകുപ്പ്, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും തഹസിൽദിറും സ്ഥലം സന്ദർശിച്ചു.
പണ്ട് ഈ ഭാഗത്ത് കുഴൽക്കിണർ ഉണ്ടായിരുന്നതായും അത് മൂടിപ്പോെയന്നും നാട്ടുകാർ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് കുഴൽക്കിണറിൽ വായുമർദം കൂടിയതുമൂലം ഉണ്ടാകുന്ന ശബ്ദമായിരിക്കുമെന്നാണ് അധികൃതരുടെ അനുമാനം. കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. രാവിലെ 11 നുശേഷം ശബ്ദം നിലച്ച അവസ്ഥയാണ്.
നേരത്തെ തൃശൂര്‍ ആമ്പല്ലൂർ മേഖലയിലും കോട്ടയത്തും ഭൂമിക്കടിയിൽ ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് മുഴക്കവും പ്രകമ്പനവും ഉണ്ടായത്. ഭൂമികുലുക്കമാണെന്ന് കരുതി നാട്ടുകാർ വീടുകളിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. പ്രാദേശിക സമൂഹമാധ്യമ കൂട്ടായ്മകളിൽ ഇതുസംബന്ധിച്ച് നിരവധിപ്പേർ പങ്കുവച്ചിരുന്നു.