കോട്ടയം: ഇടത് – വലത് മുന്നണികളുടെ സ്ഥാനാർത്ഥികൾ പ്രചരണത്തിൻെറ ആദ്യഘട്ടം പൂർത്തിയാക്കിയിട്ടും കോട്ടയം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം വൈകുന്നു. സീറ്റ് വിഭജനത്തിൽ ബി.ഡി.ജെ.എസിന് നീക്കിവെച്ചിരിക്കുന്ന സീറ്റിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെളളാപ്പളളിയാണ്. തുഷാർ തന്നെ കോട്ടയത്ത് മത്സരിക്കുമെന്നാണ് ഇതുവരെയുളള ധാരണയെങ്കിലും ഔദ്യേഗിക പ്രഖ്യാപനം മാത്രം നടക്കുന്നില്ല.
മണ്ഡലത്തിലെ മുഖ്യനാണ്യവിളയായ റബറിൻെറ അടിസ്ഥാന വില വർധിപ്പിക്കുന്നതടക്കം കേന്ദ്രത്തിൽ നിന്ന് ചില ഉറപ്പുകൾ ലഭിക്കാൻ വേണ്ടിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടുന്നതെന്നാണ് ബി.ഡി.ജെ.എസ് നേതാക്കൾ നൽകുന്ന വിശദീകരണം. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം അനന്തമായി നീളുന്നതിൽ ജില്ലയിലെ ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത അമർഷമുണ്ട്. ബി ജെ പി നേതാക്കൾക്കും പ്രവർത്തകർക്കുള്ള അതൃപ്തി അറിയിച്ചിട്ടുമുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ ബി ജെ പി നേതാക്കൾക്കും പ്രവർത്തകർക്കും അതൃപ്തി ഉണ്ടെങ്കിലും പി സി ജോർജ് ഒഴികെ ആരും പരസ്യ പ്രതികരണത്തിന് മുതിർന്നിട്ടില്ല.
റബർ വിലവർധനയെക്കു ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് ബി.ഡി.ജെ.എസ് നേതൃത്വം നൽകുന്ന സൂചന.
രാജ്യാന്തര വിപണിയിൽ റബറിന് വില കൂടിയ സാഹചര്യത്തിൽ അതിൻെറ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് റബർ കയറ്റുമതിക്കാരുടെയും കമ്പനികളുടേയും യോഗം വിളിച്ചിരിക്കുന്നത്. പാർട്ടി നേതാവും ചാലക്കുടിയിലെ സ്ഥാനാർത്ഥിയുമായ പി. ഉണ്ണികൃഷ്ണനാണ് റബർ ബോർഡ് വൈസ് ചെയർമാൻ. ഈ സാഹചര്യത്തിൽ തുഷാറിൻെറ സ്ഥാനാർത്ഥിത്വത്തിന് കരുത്ത് പകരാനുളള തീരുമാനം യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
ബി.ഡി.ജെ.എസിനായി നീക്കിവെച്ചിരിക്കുന്ന ഇടുക്കി സീറ്റിലെ സ്ഥാനാർത്ഥിയേയും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് കച്ചവടം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ് ആരോപിച്ചത് ഇടുക്കി സീറ്റിനെ കുറിച്ചാണ്. പ്രഖ്യാപനം വൈകിയാൽ പുതിയ ആരോപണങ്ങൾ ഉയരാനുളള സാധ്യത കണക്കിലെടുത്ത് ഇടുക്കിയിലെ സ്ഥാനാർത്ഥിയേയും കോട്ടയത്തിനൊപ്പം പ്രഖ്യാപിച്ചേക്കും.ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഡൽഹിയിൽ ബി.ജെ.പി കേന്ദ്രനേതാക്കളായിരിക്കും പ്രഖ്യാപിക്കുകയെന്നും ബി.ഡി.ജെ.എസ് നേതാക്കൾ സൂചന നൽകി.
ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും കോട്ടയം സീറ്റിൽ മത്സരിക്കുന്നതിന് മുന്നോടിയായി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കുക ലക്ഷ്യമിട്ടുളള രാഷ്ട്രീയ ജോലികൾ നിർവഹിച്ചുകൊണ്ട് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെളളാപ്പളളി മണ്ഡലത്തിൽ സജീവമാണ്. പുതുപ്പളളി പളളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രാർത്ഥന നടത്തിയ തുഷാർ ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനെ കണ്ട് അനുഗ്രഹം വാങ്ങി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അടക്കമുളള സാമുദായിക നേതാക്കളെയും തുഷാർ സന്ദർശിക്കുന്നുണ്ട്.
ബി.ജെ.പി പ്രവർത്തകർ ചലിച്ച് തുടങ്ങിയിട്ടില്ലെങ്കിലും എസ്.എൻ.ഡി.പി ശാഖായോഗങ്ങൾ കേന്ദ്രീകരിച്ച് താഴെത്തട്ടിലും തുഷാറിന് വേണ്ടി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എസ്.എൻ.ഡി.പി നേതൃത്വത്തിനെതിരായ വിമത നീക്കം നടത്തുന്ന നേതാക്കൾ തുഷാറിനെതിരെയും പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നാമനിർദ്ദേശ പത്രിക തളളിക്കുന്നതടക്കം ലക്ഷ്യമിട്ടുളള കരുനീക്കങ്ങളാണ് വിമത ക്യാംപിൽ നടക്കുന്നത്. വെളളാപ്പളളി നടേശന് എതിരായി പ്രവർത്തിക്കുന്ന സമുദായത്തിൽ തന്നെയുളള വൻബിസിനസുകാരുടെ പിന്തുണയിലാണ് നീക്കമെന്നാണ് ബി.ഡി.ജെ.എസ് നേതാക്കളുടെ ആരോപണം.