സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ കരുതലോടെ ! രജനീകാന്തിനും കമല്‍ഹാസനും ശരത്കുമാറിനും വിജയകാന്തിനും പറ്റിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിജയ് നടത്തുന്നത് കൃത്യമായ ഗൃഹപാഠം തന്നെ. വിജയിയുടെ നീക്കം എംകെ സ്റ്റാലിനു ശേഷം തമിഴകം പിടിക്കാന്‍ ! രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും കരുതലോടെ തന്നെ ! പുതിയ തമിഴക രാഷ്ട്രീയത്തിന് കളമൊരുങ്ങുമ്പോള്‍ !

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വിശദമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമയിലെ മുടിചൂടാ മന്നനായ കമല്‍ഹാസനും രജനീകാന്തും ശരത് കുമാറും വിജയകാന്തും പരീക്ഷിച്ച് വിജയം കാണാത്ത മേഖലയിലേയ്ക്ക് ഒറ്റയടിക്ക് പോരാട്ടത്തിനിറങ്ങിയാല്‍ എത്രകണ്ട് ഫലവത്താകും എന്ന വിലയിരുത്തലാണ് താരം നടത്തുന്നത്.
മുമ്പ് സൂപ്പര്‍ താരം ശരത്കുമാര്‍ തമിഴ് രാഷ്ട്രീയത്തില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടും വേണ്ടത്ര വിജയിച്ചിരുന്നില്ല. കരുണാനിധിക്കൊപ്പവും പിന്നീട് ജയലളിതയ്ക്കൊപ്പവും ശരത്കുമാര്‍ തമിഴ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. അവിടെയൊന്നും കാര്യമായ മുന്നേറ്റം നടത്താനാകാതെ വന്നതോടെ ‘അഖില ഇന്ത്യ സമദുവ മക്കള്‍ കക്ഷി’ എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കിയും പരീക്ഷിച്ചു. പക്ഷേ നേട്ടമുണ്ടാക്കാനായില്ല.
കമല്‍ഹാസന്‍ ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭ എന്ന നിലയില്‍ രാഷ്ട്രീയത്തിലിറങ്ങിയിട്ടും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ‘മക്കള്‍ നീതി മൈയ്യം’ എന്ന കമല്‍ഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി തമിഴകം ഭരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. പക്ഷേ കഴിഞ്ഞ നിസമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനുള്ള പുറപ്പാടിലാണ് കമല്‍ഹാസന്‍.
തമിഴകത്ത് വന്‍ പിന്തുണയുണ്ടായിരുന്ന രജനീകാന്തും ഇപ്പോള്‍ വിജയ് നടത്തിയതുപോലെ തന്നെ സ്വന്തം ഫാന്‍സുകാരെ ചേര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ വിപുലമായ ആലോചനകള്‍ നടത്തിയിരുന്നു. 1996 -ല്‍ രജനി ഡിഎംകെ – ടിഎംസി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. 2004 -ല്‍ തിരിച്ച് ബിജെപിക്കായി പിന്തുണ. എല്ലാം പരീക്ഷണങ്ങളായിരുന്നു. ഒന്നും ക്ലച്ച് പിടിച്ചതുമില്ല. രണ്ട് വര്‍ഷം മുമ്പാണ് തന്‍റെ പാര്‍ട്ടിയായ രജനി മക്കള്‍ മന്ദ്രം (ആര്‍എംഎം) പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രീയ സ്വപ്നങ്ങളോട് അടിയറവ് പറയുകയായിരുന്നു. വിജയകാന്തിനും തമിഴ് രാഷ്ട്രീയത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല.
ഈ സാഹചര്യത്തിലാണ് വിശദമായ കൂടിയാലോചനകള്‍ക്കും വിലയിരുത്തലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം മാത്രം രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയത്തിലേയ്ക്ക് നീങ്ങിയാല്‍ മതിയെന്ന തീരുമാനത്തിലേയ്ക്ക് വിജയ് നീങ്ങുന്നത്. നിലവില്‍ എംകെ സ്റ്റാലിന് ചുറ്റുമാണ് തമിഴ് രാഷ്ട്രീയം തിരിയുന്നത്. സ്റ്റാലിന് പകരം വയ്ക്കാനോ സ്റ്റാലിന് ബദലാകാനോ പറ്റിയ മുഖങ്ങളൊന്നും നിലവില്‍ തമിഴ് രാഷ്ട്രീയത്തിലില്ല. പക്ഷേ സ്റ്റാലിന് ശേഷം ആരെന്ന ചോദ്യം ഉയരുന്നുണ്ട്.
മകന്‍ ഉദയ്‌നിധി സ്റ്റാലിന് ആ നിലയിലേയ്ക്ക് ഉയരാന്‍ നിലവില്‍ കഴിഞ്ഞിട്ടുമില്ല. അവിടെയാണ് നടന്‍ വിജയ് ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ പ്രതീക്ഷകള്‍ വയ്ക്കുന്നത്. പ്രായവും അനാരോഗ്യവും സ്റ്റാലിനെയും വലയ്ക്കുന്നുണ്ട്. അതറിയാവുന്നവരാണ് ബദല്‍ പരീക്ഷണങ്ങള്‍ക്ക് കോപ്പു കൂട്ടുന്നത്.
രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നത് 60 വയസിനു ശേഷമാണ്. രജനിക്കിപ്പോള്‍ 73 വയസും കമല്‍ഹാസന് 68 വയസുമായി. അവിടെയാണ് 49 കാരനായ വിജയിയുടെ പ്രതീക്ഷ. വിജയിയെ സംബന്ധിച്ച് തമിഴ് രാഷ്ട്രീയത്തില്‍ ഒരു ‘ബാല്യം’ മുഴുവന്‍ ബാക്കിയാണ്. സമയം ധാരാളം. ജനപിന്തുണയില്‍ തമിഴകത്ത് ഒന്നാം നിരയില്‍തന്നെയാണ് വിജയിയുടെ സ്ഥാനം.
വിനയവും പക്വതയും ലാളിത്യവുംകൊണ്ട് ജനകീയത കൈവരിച്ച വിജയിക്ക് തമിഴ് രാഷ്ട്രീയത്തില്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നവരും ഏറെയാണ്. തന്‍റെ ഫാന്‍സ് സംഘമായ മക്കള്‍ ഇയക്കത്തിലൂടെ സംസ്ഥാനത്തെ 243 മണ്ഡലങ്ങളിലും സാന്നിധ്യം ഉറപ്പിക്കാനാണ് വിജയിയുടെ പദ്ധതി. മുഴുവന്‍ മണ്ഡലങ്ങളിലും മക്കള്‍ ഇയക്കത്തിന് വേരോട്ടമുണ്ട്. ആള്‍ബലവും യുവാക്കളുടെ പിന്തുണയും ധാരാളം. തന്ത്രപരമായി നീങ്ങിയാല്‍ തമിഴകം പിടിക്കാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും അദ്ദേഹത്തിനുണ്ട്.
സംസ്ഥാനത്ത് പത്താം ക്ലാസിലും + 2വിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന പരിപാടി മക്കള്‍ ഇയക്കം വഴി സംഘടിപ്പിച്ചതും കൃത്യമായ മുന്നൊരുക്കം തന്നെ. ഇതിലൂടെ ഒരു കാര്യം ഉറപ്പ്, തമിഴകത്തെ അടുത്ത രാഷ്ട്രീയ മുന്നേറ്റം വിജയിലൂടെ ആയിരിക്കുമെന്ന് ഉറപ്പിക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *