തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്ക്കാര് തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ സുപ്രീം കോടതിയെ സമീപിച്ചു. പൗരത്വ നിയമഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം വ്യക്തമാക്കി.
രാജ്യത്ത് ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭ കേരളമാണ്. മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വാക്കുകൾ സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് ആകെ ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഈ നിലപാട് സ്വീകരിക്കുമോ എന്നും പല്ലും നഖവും ഉപയോഗിച്ച് നിയമത്തെ എതിർക്കാൻ തയ്യാറാകുമോ എന്നും എ എ റഹീം ചോദിച്ചു. കോൺഗ്രസ് ബിജെപിയെ പിന്തുണയ്ക്കുന്ന മൃദു ഹിന്ദുത്വ സമീപനം അവസാനിപ്പിക്കണം. ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.