139 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കരുത്തനായി വളര്‍ന്നു കഴിഞ്ഞ കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കാനിറങ്ങുന്നതു വലിയ വാര്‍ത്തയാവുകയാണ്. എഐസിസി ആസ്ഥാനത്തിന്‍റെ ഭരണച്ചുമതലയുള്ള വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നതെന്തിന് എന്നാണു കേരളത്തിലെ സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം. അത്ര നിസാരമല്ല ഈ ചോദ്യം.
വേണുഗോപാല്‍ ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. 2026 വരെയുണ്ട് അതിന്‍റെ കാലാവധി. ആലപ്പുഴയില്‍ നിന്നും ജയിച്ചാല്‍ വേണു രാജ്യസഭാ സീറ്റ് രാജിവെയ്ക്കും. ഫലമോ, അവിടെ തെരഞ്ഞെടുപ്പു നടത്തി ബിജെപി ആ സീറ്റ് സ്വന്തമാക്കും.
രാജ്യസഭയില്‍ ഭൂരിപക്ഷത്തിനു തൊട്ടു താഴെയാണ് ബിജെപി. ഇനി നാലു സീറ്റ് കൂടി കിട്ടിയാല്‍ രാജ്യസഭയില്‍ ബിജെപിക്കു ഭൂരിപക്ഷമായി. പിന്നെ ഏതു ബില്ലും നിഷ്പ്രയാസം ബിജെപിക്കു പാസാക്കിയെടുക്കാം. ഒരു തടസവുമില്ലാതെ.
അടുത്ത തെരഞ്ഞെടുപ്പില്‍ ഓരോ ലോക്സഭാ സീറ്റും പ്രധാനമാണെന്നും തെരഞ്ഞെടുക്കപ്പെടുന്ന എംപിമാര്‍ പ്രധാനമന്ത്രിയെ തെര‍ഞ്ഞെടുക്കുമ്പോള്‍ എണ്ണം ഒരു പ്രധാന ഘടകമാണെന്നും വേണുഗോപാലിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 2019 -ല്‍ യുഡിഎഫ് 19 സീറ്റും പിടിച്ചെടുത്തപ്പോള്‍ സിപിഎമ്മിനു കിട്ടിയ ആശ്വാസമായിരുന്നു ആലപ്പുഴയും അതു പിടിച്ചെടുത്ത എ.എം ആരിഫും.
ഇത്തവണ ആരിഫിനെ തോല്‍പ്പിച്ച് ആലപ്പുഴയും പിടിച്ചടക്കി ഇരുപതില്‍ ഇരുപതു സീറ്റും നേടി ഡല്‍ഹിക്കു പോവുക എന്നതാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ ലക്ഷ്യം. ലക്ഷ്യം നേടണമെങ്കില്‍ ആലപ്പുഴ പിടിച്ചെടുക്കണം. അതിന് ആരിഫിനെ തോല്‍പ്പിക്കണം. ആ ലക്ഷ്യം നേടാന്‍ ഏറ്റവും യോഗ്യന്‍ കെ.സി വേണുഗോപാല്‍ തന്നെയാണെന്ന് ഹൈക്കമാന്‍റ് കണ്ടുപിടിച്ചിരിക്കുന്നു. (ഹൈക്കമാന്‍റ് എന്നാല്‍ രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും കൂടി ചേര്‍ന്ന ഒന്നാണെന്ന് എല്ലാവര്‍ക്കുമറിയാം എന്നതു വേറേ കാര്യം).

ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ ജയിച്ചാല്‍ സ്വാഭാവികമായും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗത്വം അദ്ദേഹം ഒഴിയും. അവിടെ തെരഞ്ഞെടുപ്പു നടത്തി ബിജെപി സീറ്റ് കൈക്കലാക്കി രാജ്യസഭയിലെ ഭൂരിപക്ഷം എന്ന ലക്ഷ്യസ്ഥാനത്തിലേയ്ക്കു നീങ്ങും.

കോണ്‍ഗ്രസിന്‍റെ ചെലവില്‍ ബിജെപിക്ക് ഒരധിക  രാജ്യസഭാ സീറ്റ് സംഘടിപ്പിച്ചു കൊടുക്കണോ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഇക്കാര്യം പ്രധാന പ്രചാരണ വിഷയമാകുന്നതും അതുകൊണ്ടു തന്നെ.
പിന്നെയുമുണ്ട് കാര്യങ്ങള്‍. 2014 -ലും 19 -ലും നരേന്ദ്ര മോഡിയാണു ജയിച്ചത്. ബിജെപിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്രസ് കോട്ടകളൊക്കെയും തകര്‍ന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വം സോണിയാ ഗാന്ധിയുടെയും രണ്ടു മക്കളുടെയും കൈയിലായിരുന്നു. രണ്ടു തവണയും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയാതിരുന്ന അതേ നേതൃത്വമാണ് ഇപ്പോഴും തുടരുന്നത്. ഇത്തവണ അത്ഭുതമെന്തെങ്കിലും സംഭവിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടാകുമോ ? 
മൂന്നാമതും മോഡി അധികാരത്തില്‍ വന്നാലോ ? കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കും. മുഖ്യ പ്രതിപക്ഷകക്ഷിയുമാകും. ആ നിലയ്ക്ക് കോണ്‍ഗ്രസിന്‍റെ നേതാവ് പ്രതിപക്ഷ നേതാവുമാകും. കെ.സി വേണുഗോപാലിനെ കാത്തിരിക്കുന്നത് ഈ പ്രതിപക്ഷ നേതൃസ്ഥാനമാണോ ? 
അതോടൊപ്പം ഒന്നുകൂടിയുണ്ട്. ലോക്സഭയിലെ പബ്ലിക്ക് അണ്ടര്‍ടേക്കിങ്ങ്സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിക്കുള്ളതാണ്. വലിയ അധികാരവും ഗ്ലാമറുമൊക്കെയുള്ള സ്ഥാനം. അതു ലക്ഷ്യം വെച്ചാണ് വേണുഗോപാല്‍ നീങ്ങുന്നതെന്നു പറയുന്നില്ല.
മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അധീര്‍ രഞ്ജന്‍ ചൗധരിയും ഈ സ്ഥാനത്തിരുന്നിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോണ്‍ഗ്രസിനു കിട്ടാവുന്ന ഏറ്റവും വലിയ സ്ഥാനം.
ഇതൊക്കെ കിട്ടുന്നതിന് ഒരു രാജ്യസഭാ സീറ്റ് ബിജെപിക്കു കൊടുക്കണമോ എന്നതാണ് ചോദ്യം. അല്ലെങ്കില്‍ത്തന്നെ കേരളത്തിലെ 20 എംപിമാരും കോണ്‍ഗ്രസിനു വേണ്ടി നില്‍ക്കുമെന്നുറപ്പുള്ളപ്പോള്‍ ?

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed