ഇസ്രയേൽ ആക്രമണങ്ങളിലും പട്ടിണിയിലും കെടുതി അനുഭവിക്കുന്ന ഗാസയിൽ സഹായമെത്തിക്കാനുള്ള താൽക്കാലിക തുറമുഖം നിർമിക്കാൻ പുറപ്പെട്ട് യുഎസ് സൈനികർ. തുറമുഖ നിർമാണത്തിനുള്ള ഉപകരണങ്ങളുമായി യുഎസ് സൈനിക കപ്പൽ പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് അറിയിച്ചു. സപ്പോർട്ട് കപ്പൽ ജനറൽ ഫ്രാങ്ക് എസ് ബെസ്സൻ ശനിയാഴ്ച വിർജീനിയ സംസ്ഥാനത്തെ സൈനിക താവളത്തിൽ നിന്നാണ് പുറപ്പെട്ടത്. കടൽമാർഗം ഗാസയിലേക്ക് സഹായം എത്തിക്കാൻ യുഎസ് ഫ്ലോട്ടിങ് ഹാർബർ നിർമിക്കുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
‘ഇസ്രയേലികൾക്കായി കാത്തിരിക്കുന്നില്ല, വാഷിങ്ടണ്‍ പൂർണ നേതൃത്വം ഏറ്റെടുക്കുന്നു,’ എന്ന് പ്രഖ്യാപിച്ചാണ് അമേരിക്ക തുറമുഖം പദ്ധതി അവതരിപ്പിച്ചത്, എന്നാൽ ഗാസയിലേക്ക് സഹായം എത്തിക്കുന്നതിൽ ഈ പദ്ധതി എത്രത്തോളം ഫലപ്രദമാകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ഗാസ മുനമ്പ് പട്ടിണി ഒഴിവാക്കാനാകാത്ത നിലയിൽ വളർന്നുവെന്നും കുട്ടികൾ പട്ടിണി കിടന്ന് മരിക്കുകയാണെന്നും യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇസ്രയേൽ മുനമ്പിൽ കടുത്ത ആക്രമണങ്ങൾ അഴിച്ച് വിടുന്ന സാഹചര്യത്തിൽ കരയിലും വിമാനത്തിലും സഹായ വിതരണം ദുഷ്കരവും അപകടകരവുമാണ്. വേൾഡ് ഫുഡ് പ്രോഗ്രാമിൻ്റെ വാഹനവ്യൂഹങ്ങൾക്ക് നേരെ വെടിവെക്കുകയും വാഹനം കൊള്ളയടിക്കുകയും ചെയ്തതിന് പിന്നാലെ കരയിലൂടെയുള്ള സഹായ വിതരണം താൽക്കാലികമായ നിർത്തി വെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് താൽക്കാലിക തുറമുഖം നിർമിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചത്.