തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ജനകീയനായ കോണ്‍ഗ്രസ് ലീഡര്‍ കെ കരുണാകരന്‍റെ മകളെ സ്വന്തം പാളയത്തിലെത്തിച്ച ബിജെപിക്ക് ലീഡറുടെ മകനിലൂടെ തന്നെ സര്‍ജിക്കല്‍ സ്ട്രൈക്ക് നല്‍കാനുള്ള തന്ത്രം പ്രയോഗിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
കെ മുരളീധരനെ തൃശൂരിലെത്തിച്ച് ബിജെപിക്കും, അതുവഴി മുരളീധരനെ വെട്ടിലാക്കി വടകരയില്‍ വിജയം പ്രതീക്ഷിച്ച സിപിഎമ്മിനും നല്‍കിയ ഇരട്ട പ്രഹരം വഴി കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും ഉശിരന്‍ ക്രൈസിസ് മാനേജരായിരിക്കുകയാണ് സതീശന്‍.
പത്മജയെ ബിജെപിയിലെത്തിക്കാന്‍ ഇടനിലക്കാരനായത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുപ്പക്കാരനായ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയാണെന്ന് സതീശന്‍ തിരിച്ചടിച്ചിരുന്നു. പത്മജ ബിജെപിയിലെത്തിയാല്‍ മുഖത്തടിച്ചതുപോലെ പ്രഹരമേല്‍ക്കുന്നത് കടുത്ത പിണറായി വിമര്‍ശകനായ വടകരയിലെ എംപി കെ മുരളീധരനാണ്.
വടകരയില്‍ മുരളിലെ നേരിടാന്‍ കെകെ ശൈലജയെ ഇറക്കിയ സിപിഎം കേന്ദ്രങ്ങള്‍ ഇതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്നു. അവര്‍ക്കുള്ള തിരിച്ചടിയായിരുന്നു പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ വടകരയില്‍ എത്തിച്ച കോണ്‍ഗ്രസ് നീക്കം. ഈ നീക്കവും സതീശന്‍റെ തന്ത്രം തന്നെ.
വടകരയില്‍ നിന്നും മാറാന്‍ കെ മുരളീധരനും പാലക്കാട് നിന്ന് മാറാന്‍ ഷാഫി പറമ്പിലും തയ്യാറല്ലായിരുന്നു. ഡല്‍ഹിയിലെത്തി ദേശീയ നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും രമേശ് ചെന്നിത്തലയേയും ഒപ്പം നിര്‍ത്തി ഒറ്റരാത്രി കോണ്ട് ഇരുവരെയും അനുനയിപ്പിച്ചത് സതീശന്‍റെ നേതൃത്വത്തിലായിരുന്നു. ഇത് പാര്‍ട്ടിയുടെ നിലനിൽപ്പിന്‍റെ പ്രശ്നമാണെന്നും സമ്മതിക്കണമെന്നും ആവര്‍ത്തിച്ചതോടെ മുരളീധരനും ഷാഫി പറമ്പിലും വഴങ്ങി.
നിയമസഭയില്‍ സതീശന് ഏറ്റവും ശക്തമായ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്ന സാമാജികനായിരുന്നു ഷാഫി. അതുകൊണ്ടുതന്നെ ഷാഫിയെ ലോക്സഭയിലേയ്ക്കയക്കാന്‍ സതീശനും മനസില്ലായിരുന്നു. പക്ഷേ പത്മജ കോണ്‍ഗ്രസിനോട് കാണിച്ച ചതിയുടെ പ്രതിസന്ധി മറികടക്കാന്‍ തിരിച്ചൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് അനിവാര്യമായിരുന്നു. അത് ഫലം കാണുകയും ചെയ്തു. അതോടെ പത്മജ പാര്‍ട്ടിയിലെത്തിയതിന്‍റെ നേട്ടം ആഘോഷിക്കാനുള്ള ആവേശം പിജെപിക്ക് നഷ്ടപ്പെട്ടു.
അതിലൂടെ കൊതിച്ച തൃശൂര്‍ കൈവിട്ടുപോകുമോ എന്ന ആശങ്കയിലേയ്ക്ക് ഒറ്റരാത്രികൊണ്ട് ബിജെപിയെ എത്തിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ഇതോടെ കോണ്‍ഗ്രസില്‍ വീണ്ടും ക്രൈസിസ് മാനേജരായി മാറിയിരിക്കുകയാണ് സതീശന്‍. തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കരുത്തായ വിജയം നേടിയത് സതീശന്‍റെ നേതൃത്വത്തിലായിരുന്നു.