ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 405 സീറ്റുമായി വമ്പൻ വിജയം നേടുമെന്ന പ്രഖ്യാപിച്ച ബി.ജെ.പി പ്രാദേശിക കക്ഷികളുമായടക്കം ഇതിനായി ധാരണകൾ ശക്തിപ്പെടുത്തുകയാണ്. 405 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പ്രഖ്യാപിച്ചത്. ഇതിനായി മുൻപ് എൻ.ഡി.എയിൽ ഉണ്ടായിരുന്നതും വിട്ടുപോയതുമായ കക്ഷികളെയെല്ലാം മുന്നണിയുടെ ഭാഗമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
405 സീറ്റെന്നത് മോഡിയുടെ വെറുവാക്കല്ലെന്ന് തെളിയിക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യമായി വന്നിരിക്കുകയാണിപ്പോൾ. അതിനായി പഴയ പടക്കുതിരകളെ ഒപ്പം കൂട്ടുകയാണ് തന്ത്രം. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി ഏറെക്കുറേ ധാരണയായി.
ഒഡീഷയിൽ നവീൻ പട്‌നായിക്കിന്റെ ബി.ജെ.ഡിയുമായി ചർച്ച അന്തിമ ഘട്ടത്തിലാണിപ്പോൾ. പ്രതിപക്ഷത്താണെങ്കിലും 17-ാം ലോക്‌സഭയിൽ പ്രമുഖ ബില്ലുകൾ പാസാക്കുന്നതിലടക്കം നിർണായക സന്ദർഭങ്ങളിൽ ബി.ജെ.ഡിയുടെ സഹായം ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്.
ഒഡീഷയിലെ 21 ലോക്‌സഭാ സീറ്റുകളിൽ ഭരണകക്ഷിയായ ബി.ജെ.ഡിയെ ബി.ജെ.പി പരസ്യമായി എതിർത്തിരുന്നില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ ബി.ജെ.ഡി പിന്തുണച്ചിരുന്നു. പഴയ ബി.ജെ.പി-ബി.ജെ.ഡി സഖ്യം പുന:സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും നവീൻ പട്‌നായിക്കുമായുള്ള സൗഹൃദവും ബി.ജെ.പി ഉപയോഗിക്കുന്നുണ്ട്.
1998-ൽ ബി.ജെ.ഡി എൻ.ഡി.എയിലെത്തിയതിന് പിന്നാലെ 1999 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണി 19 സീറ്റ് നേടി. (ബി.ജെ.ഡി 10, ബി.ജെ.പി 9) നേടി. എ.ബി. വാജ്‌പേയി മന്ത്രിസഭയിൽ നവീൻ പട്‌നായിക്ക് കേന്ദ്ര ഖനി മന്ത്രിയായിരുന്നു. 2000-ൽ ബി.ജെ.ഡിയെ ആദ്യമായി സംസ്ഥാനത്ത് ഭരണത്തിലേറാൻ സഹായിച്ചതും ബി.ജെ.പിയാണ് .
2004 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റാണ് സഖ്യത്തിന് ലഭിച്ചത്(ബി.ജെ.ഡി 11, ബി.ജെ.പി 7) 2007-2008ൽ ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ വി.എച്ച്.പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സഖ്യത്തിൽ വിള്ളലുണ്ടാകുകയും 2009 തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബി.ജെ.ഡി എൻ.ഡി.എ ബന്ധം ഉപേക്ഷിക്കുകയുമായിരുന്നു. അന്ന് ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ല. ബി.ജെ.ഡി 14 സീറ്റിൽ ജയിച്ചു. 2019ൽ ബി.ജെ.ഡി 12, ബി.ജെ.പി 8 എന്നിങ്ങനെയാണ് നില.
വൈ.എസ്.ആർ കോൺഗ്രസ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ കോൺഗ്രസ് ശക്തമായി ശ്രമിക്കുന്ന ആന്ധ്രയിൽ വേരുപ്പിക്കാൻ പാടുപെടുന്ന ബി.ജെ.പിക്കും നിലനിൽപ്പിനായി പോരാടുന്ന ടി.ഡി.പിക്കും ഒന്നിക്കാൻ അനുകൂല സാഹചര്യമാണുള്ളത്.
വാജ്‌പേയിയുടെ കാലം മുതൽ എൻ.ഡി.എ മുന്നണിയിലുള്ള ടി.ഡി.പി 2014-ൽ ആദ്യ മോദി സർക്കാരിന്റെ ഭാഗവുമായിരുന്നു. എന്നാൽ ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നൽകാത്തതിനെ ചൊല്ലി 2018ൽ എൻ.ഡി.എ വിട്ടു. 2019ൽ ആന്ധ്രയിൽ ഭരണം നഷ്‌ടമായതു മുതൽ ടി.ഡി.പി എൻ.ഡി.എയിൽ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്. ജെ.ഡി.യുവിനെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയിലെത്തിച്ചത് ബി.ജെ.പിക്ക് നേട്ടമാണ്.
മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിണങ്ങിപ്പോയപ്പോൾ ആ പാർട്ടിയെ പിളർത്തി ഷിൻഡെ പക്ഷത്തെ എൻ.ഡി.എയിലേക്ക് കൊണ്ടുവന്നു. എൻ.സി.പിയിലെ വിമത പക്ഷം അജിത് പവാറും സംസ്ഥാനത്ത് മുന്നണിയിലുണ്ട്. കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ ജെ.ഡി.എസും എൻ.ഡി.എയിലാണ്.
ഉത്തർപ്രദേശിൽ ജയന്ത് ചൗധരിയുടെ ആർ.എൽ.ഡിയും ബി.ജെ.പിക്കൊപ്പമാണ്. പഞ്ചാബിൽ മുൻ സഖ്യകക്ഷി ശിരോമണി അകാലിദളിനെ തിരിച്ചു കൊണ്ടുവരാനും നീക്കം നടക്കുന്നു. തമിഴ്നാട്ടിൽ തമിഴ് മനില കോൺഗ്രസ് (മൂപ്പനാർ) മുന്നണിയിലെത്തി.
മുന്നണി വിട്ട അണ്ണാ ഡി.എം.കെയിലെ പനീർശെൽവം വിഭാഗവുമായി ചർച്ച നടക്കുന്നുണ്ട്. അങ്ങനെ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുന്നണി വിപുലീകരിച്ച് മോഡിയുടെ 405 സീറ്റെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.