തിരുവനന്തപുരം: അന്വേഷണങ്ങൾക്കും കുറ്റപത്രങ്ങൾക്കുമൊന്നും അനുമതി നൽകാതെ പടിയിറക്കി വിട്ട സി.ബി.ഐയെ ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുകയാണ് സർക്കാർ. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാനാണ് ഒറ്റ ദിവസം കൊണ്ട് സി.ബി.ഐയെ വിളിച്ചതും അതിനായി വിജ്ഞാപനം പുറപ്പെടുവിച്ചതും.
ഈ അതിവേഗ നടപടികൾക്ക് കാരണം ഒന്നേയുള്ളൂ- തിരഞ്ഞെടുപ്പ്. പ്രതികളായ എസ്.എഫ്.ഐക്കാരെ സംരക്ഷിച്ചെന്ന പേരുദോഷം ഇല്ലാതാക്കാൻ സി.ബി.ഐ വരേണ്ടത് സർക്കാരിന്റെ ആവശ്യമാണ്.
വയനാട്ടിലെ മുൻ എം.എൽ.എയടക്കം പ്രതികളെ സംരക്ഷിച്ചതിന് ആരോപണ നിഴലിലാണ്. അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടതോടെ പ്രതികളെ സംരക്ഷിച്ചെന്ന ചീത്തപ്പേര് ഇല്ലാതാക്കാമെന്നും തിരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
കസ്റ്റഡിക്കൊല, അഴിമതി കേസുകളിൽ കുറ്റപത്രത്തിനും പ്രോസിക്യൂഷനും അനുമതി നൽകാതെ സി.ബി.ഐയ്ക്ക് ഏറെക്കാലമായി പൂട്ടിട്ടിരിക്കുകയായിരുന്നു സർക്കാർ. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും കേന്ദ്ര ആഭ്യന്തര, പേഴ്സണൽ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാലേ സി.ബി.ഐയ്ക്ക് കേസേറ്റെടുത്ത് എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്യാനാവൂ.
ഈ കേസിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമോ എന്നും ആശങ്കയുണ്ട്. എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തതും അന്വേഷണം ഏതാണ്ട് പൂർത്തിയായതുമാണ് കാരണം. പോലീസിനെക്കൊണ്ട് തെളിയിക്കാനാവാത്തതും പോലീസ് അന്വേഷണത്തിൽ ഗുരുതര പാളിച്ചകളുള്ളതുമായ കേസുകളാണ് സി.ബി.ഐ ഏറ്റെടുക്കാറുള്ളത്.
അല്ലെങ്കിൽ കോടതികൾ ഉത്തരവിടണം. തിരുവനന്തപുരത്ത് പോലീസ് ക്വാർട്ടേഴ്സിൽ പോലീസുകാരന്റെ മകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.
സിദ്ധാർത്ഥിന്റെ മരണത്തിലെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും സർക്കാരിന്റെ വിജ്ഞാപനം കേന്ദ്ര പേഴ്സണൽ മന്ത്രാലയം സി.ബി.ഐ ആസ്ഥാനത്തയയ്ക്കുകയാണ് പതിവ്. സി.ബി.ഐ അന്വേഷിക്കേണ്ട കേസാണോയെന്ന് അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെടും.
മറുപടി ലഭിച്ചാലുടൻ തീരുമാനം സംസ്ഥാന സർക്കാരിനെ അറിയിക്കും. അന്വേഷണം ഏറ്റെടുക്കുകയാണെങ്കിൽ കേസ് രേഖകളെല്ലാം ഉടനടി കൈമാറാൻ പോലീസിനോടാവശ്യപ്പെടും. ഇതാണ് സി.ബി.ഐയുടെ രീതി.
സ്വന്തംനിലയിൽ കേസെടുത്ത് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് മുൻകൂറായി നൽകിയിരുന്ന പൊതുഅനുമതി സർക്കാർ പിൻവലിച്ചിരുന്നു. ഇതോടെ ഓരോ കേസിനും സർക്കാരിന്റെ അനുമതി തേടേണ്ട സ്ഥിതിയാണ്. കേസെടുക്കാനുള്ള സി.ബി.ഐയുടെ ഭൂരിഭാഗം അപേക്ഷകൾ സർക്കാർ നിരസിക്കുകയാണ് പതിവ്.
വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത് അടക്കം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുള്ള അഴിമതികൾ പോലും അന്വേഷിക്കാൻ സി.ബി.ഐയ്ക്കാവുന്നില്ല. ദേശീയപാത നിർമ്മാണത്തിലെയും തോട്ടണ്ടി ഇറക്കുമതിയിലെയും അഴിമതി കേസുകളിലടക്കം കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയില്ല.
നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിക്കൊലക്കേസിൽ 9 പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് ഒടുവിൽ നൽകിയത്. കേസിൽ പ്രധാന പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.
ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ഓരോ സംസ്ഥാനത്തും അന്വേഷണം നടത്താൻ സി.ബി.ഐ.ക്ക് അതത് സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്. 2017മുതൽ അന്വേഷണത്തിനും കേസിനും സി.ബി.ഐയ്ക്ക് പൊതുഅനുമതി മുൻകൂറായി നൽകിയിരുന്നു. ലൈഫ്കോഴക്കേസിൽ കേസെടുത്തതിന് പിന്നാലെ മന്ത്രിസഭായോഗം ഈ അനുമതി പിൻവലിക്കുകയായിരുന്നു.
ഇതോടെ ഓരോ കേസിനും സി.ബി.ഐയ്ക്ക് സർക്കാരിന്റെ അനുമതി ആവശ്യമായിവന്നു. സംസ്ഥാനസർക്കാരിന്റെ ശുപാർശയുണ്ടെങ്കിലേ കേന്ദ്രത്തിന് സി.ബി.ഐയെ കേസന്വേഷണം ഏൽപ്പിക്കാനാവൂ. എന്നാൽ ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുപ്രകാരം ഏതുകേസും സി.ബി.ഐയ്ക്ക് ഏറ്റെടുക്കാം.
സേനാവിഭാഗങ്ങളുടെ കസ്റ്റഡിയിലിരിക്കെ മരണങ്ങളുണ്ടായാൽ അത് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹരിയാനയിലെ കസ്റ്റഡിമരണക്കേസിൽ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡി മരണക്കേസുകളെല്ലാം സി.ബി.ഐയ്ക്ക് കൈമാറാൻ 2019ൽ സർക്കാർ തീരുമാനിച്ചിരുന്നു.