ഇറ്റാനഗര്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടവരി തുരങ്കപാതയായ സേല തുരങ്കപാത അരുണാചല്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. കനത്ത മഴയേത്തുടര്‍ന്ന് അടിക്കടിയുണ്ടാകുന്ന മഞ്ഞുവീഴ്ചയും ഉരുള്പട്ടലും മൂലം ബാലിപാര-ചാരിദൗര്-തവാങ് പാത അടച്ചിടേണ്ടിവരുന്നത് തുടര്‍ക്കഥയായതോടെയാണ് തുരങ്കപാതാ പദ്ധതി പരിഗണനയില്‍ വന്നത്.
2019 ഫെബ്രുവരി ഒമ്പതിനാണ് പ്രധാനമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. അതേവര്‍ഷം ഏപ്രില്‍ ഒന്നിന് പാതയുടെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചു.
സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരത്തിലാണ് സേല തുരങ്കപാത. യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്നതിനാല്‍ തന്ത്രപരമായ പ്രാധാന്യംകൂടി ഈ പാതയ്ക്കുണ്ട്.
രണ്ട് തുരങ്കങ്ങളാണ് പദ്ധതിയിലുള്ളത്. 1,003 മീറ്റര്‍ നീളമുള്ള സിംഗിള്‍-ട്യൂബ് ടണലും അടിയന്തരഘട്ടങ്ങളില്‍ പുറത്തുകടക്കാനുള്ള രക്ഷാക്കുഴലുളുള്പ്പെടുന്ന 1,595 മീറ്റര്‍ നീളമുള്ള മറ്റൊരു ടണലുമുണ്ട്. കൂടാതെ 8.6 കിലോമീറ്റര്‍ നീളത്തില്‍ അപ്രോച്ച്, ലിങ്ക് റോഡുകളും ഈ പാതയിലുണ്ട്.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ പ്രതിദിനം 3,000കാറുകളും 2,000 ട്രക്കുകളും കടന്നുപോകാവുന്ന വിധത്തിലാണ് തുരങ്കപാത രൂപകല്പന ചെയ്തിരിക്കുന്നത്. ന്യൂ ഓസ്ട്രേലിയന്‍ ടണലിങ് മെഥേഡ് (NATM) ഉപയോഗിച്ച് 825 കോടി രൂപ ചെലവഴിച്ചാണ് പാതയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്. തൊഴിലാളികളുള്‍പ്പെടെ 650 ഓളം പേരാണ് അഞ്ച് വര്‍ഷം നീണ്ട നിര്‍മാണപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. 71,000 മെട്രിക് ടണ്‍ സിമന്റും 5,000 മെട്രിക് ടണ്‍ സ്റ്റീലും 800 മെട്രിക് ടണ്‍ സ്ഫോടകവസ്തുക്കളും പദ്ധതിക്കായി ഉപയോഗപ്പെടുത്തി.