വിശാഖപട്ടണം: ലോക്സഭാ തിരഞ്ഞെടുപ്പിലും ഒപ്പം നടക്കാനിടയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാക്കാൻ തീരുമാനിച്ച് ബിജെപിയും തെലുഗു ദേശം പാര്‍ട്ടിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് ലക്ഷ്യമിടുന്ന എന്‍ഡിഎയ്ക്ക് ആന്ധ്രാ പ്രദേശില്‍ ടി.ഡി.പിയുമായുള്ള സഖ്യം കരുത്തു പകരുമെന്നാണ് കണക്കാക്കുന്നത്.
ആന്ധ്രയില്‍ ടി.ഡി.പിയും പവന്‍കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായാണ് ബിജെപി സഖ്യത്തിൽ എത്തിയിരിക്കുന്നത്. അമിത് ഷായുമായി നടന്ന ചർച്ചയിലാണ് സഖ്യനീക്കം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 25 സീറ്റിൽ ടി.ഡി.പി 17 സീറ്റിലും ജനസേന പാർട്ടി മൂന്ന് സീറ്റിലും ബിജെപി അഞ്ച് സീറ്റിലും മത്സരിക്കാനാണ് ധാരണയായത്.
ഇതു സംബന്ധിച്ച ചന്ദ്രബാബു നായിഡുവിൻ്റെ നിർദ്ദേശം ബിജെപി നേതൃത്വം അംഗീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം എല്ലാ സീറ്റും തൂത്തുവാരുമെന്ന് ടി.ഡി.പിയുടെ നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു. ബിജെപിയും ജനസേനയും തെലുഗു ദേശവും തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ധാരണയിലെത്തി എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. 
മാര്‍ച്ച് 17ന് ടിഡിപിയും ബിജെപിയും സംയുക്തമായി നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ സഖ്യത്തെക്കുറിച്ച് സംയുക്തപ്രസ്താവന നടത്തും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ആകെയുള്ള 25 സീറ്റില്‍ 22ലും വിജയിച്ചത് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസായിരുന്നു. ടിഡിപി മൂന്ന് സീറ്റിലും വിജയിച്ചു.
2019ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 151 സീറ്റുകള്‍ നേടിയിരുന്നു. ടിഡിപി 23 സീറ്റില്‍ വിജയിച്ചപ്പോള്‍ ജനസേന പാര്‍ട്ടി ഒരു സീറ്റില്‍ വിജയിച്ചു. ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായിരുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *