തിരുവനന്തപുരം ∙പനി ബാധിച്ച് കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 3 ദിവസങ്ങളിലായി വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തവരുടെ എണ്ണം 127 ആയി ഉയർന്നു. കഴിഞ്ഞ 5,6,7 തീയതികളിലായി പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തവരുടെ എണ്ണമാണിത്. ഈ മൂന്നു ദിവസങ്ങളിൽ 19 പേർക്ക് ഡെങ്കിയും ആറു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കി സംശയിക്കുന്ന 61 പേരും എലിപ്പനി സംശയിക്കുന്ന 4 പേരും ചികിത്സ തേടി.
ഈ കാലയളവിൽ3287 പേരാണ് പനി ബാധിച്ച് ചികിത്സ തേടി എത്തിയത്. കിടത്തിച്ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നതോടെ ശനിയാഴ്ച ദിവസത്തെ കണക്ക് അധികൃതർ പ്രസിദ്ധീകരിച്ചിട്ടില്ല. വള്ളക്കടവ്, തിരുമല, ചിറയിൻകീഴ്, ശംഖുമുഖം, മംഗലപുരം, വക്കം, വാമനപുരം, വർക്കല, മുദാക്കൽ, കീഴാറ്റിങ്ങൽ, പേരൂർക്കട, കിളിമാനൂർ, മാറനല്ലൂർ, ആനാട്, കരവാരം, പെരുമ്പഴുതൂർ എന്നിവിടങ്ങളിലാണ് ഡെങ്കി കണ്ടെത്തിയത്. പാങ്ങാപ്പാറ, വിഴിഞ്ഞം, ആനക്കുടി, മാണിയേക്കൽ, ആര്യനാട് ഭാഗങ്ങളിലാണ് എലിപ്പനി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സ്ഥിരീകരിച്ചത്.
മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ പനിക്ക് ഒപ്പം ജലജന്യരോഗങ്ങളും പടർന്ന് പിടിക്കുന്നുണ്ട്. വയറിളക്കം, പകർച്ച പനി തുടങ്ങിയവ വർധിച്ചിട്ടുണ്ട്. ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിന് അനുസരിച്ച് ആശുപത്രി സൗകര്യങ്ങൾ വർധിപ്പിച്ചിട്ടില്ലെന്നു ആക്ഷേപമുണ്ട്. നഗര ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികളുടെ ഒപി സമയം ഉയർത്തണമെന്നു ആവശ്യം ഉയർന്നിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും ആവശ്യം ഉയർന്ന് കഴിഞ്ഞു.