ആലപ്പുഴ: ചാരുംമൂട് ചുനക്കരയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുനക്കര സരളാലയത്തിൽ യശോധരൻ (63) ഭാര്യ സരള (60) എന്നിവരാണ് മരിച്ചത്.
ഇരുകൈകൾക്കും വൈകല്യമുള്ള സരളയുടെ മൃതദേഹം വീടിന്റെ പൂമുഖത്തും യശോധരനെ വീടിന് പുറത്ത് സ്റ്റീലുകൊണ്ട് നിർമിച്ച സ്റ്റെയർകെയ്സിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊന്ന ശേഷം യശോധരൻ ജീവനൊടുക്കിയതാവാമെന്ന സംശയമാണുള്ളത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സ്പെഷൽ വില്ലേജ് ഓഫീസറായി വിരമിച്ച സരളയും ഭർത്താവ് യശോധരനും കഴിഞ്ഞ എട്ട് വർഷമായി താമസിച്ചു വന്ന വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടത്. രാവിലെ അയൽവാസികളാണ് യശോധരൻ തൂങ്ങിനിൽക്കുന്നത് കണ്ടത്.
വിവരം പറയാനായി ഭാര്യയെ വിളിക്കുമ്പോൾ ഇവർ അനക്കമില്ലാതെ പൂമുഖത്ത് കിടക്കുകയായിരുന്നു. തുടർന്നാണ് ഇവർ മരിച്ചതായി അറിയുന്നത്. സംഭവമറിഞ്ഞ് കുറത്തികാട് പോലീസും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാറും വാർഡ് അംഗം ജയലക്ഷ്മി ശ്രീകുമാറും സ്ഥലത്തെത്തി.
സ്പെഷൽ വില്ലേജ് ഓഫീസറായി 2017-ൽ വിരമിച്ച കോതമംഗലം സ്വദേശിയായ സരള എട്ടുവർഷം മുമ്പാണ് വീടുവാങ്ങി ചുനക്കര സ്വദേശിയായ ഭർത്താവിനൊപ്പം താമസിച്ചുവന്നത്. ദമ്പതികൾ തമ്മിൽ ഇടയ്ക്കൊക്കെ വഴക്ക് ഉണ്ടാകാറുള്ളതായും പുറത്തുള്ളവരോട് വലിയ സഹകരണമില്ലെന്നും നാട്ടുകാർ പറഞ്ഞു.
യശോധരന്റെ മൂന്നാം വിവാഹമാണ് സരളയുമായി നടന്നത്. ഇവർക്ക് കുട്ടികളില്ല. യശോധരന് ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി മൂന്നു മക്കളുണ്ട്. മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന യരോധരൻ അസുഖം മൂലം ഒരു വർഷത്തിലധികമായി മദ്യപിക്കാറില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കുറത്തികാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ഭാര്യയെ അപായപ്പെടുത്തിയ ശേഷം യശോധരൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രഥമിക നിഗമനം.