പാലക്കാട്: സിറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടന കത്തോലിക്കാ കോൺഗ്രസിന്റെ പാലക്കാട് രൂപതാ നേതൃസംഗമവും പരിശീലനവും മാർ ജോസഫ് ഇരുമ്പൻ നഗർ-മുണ്ടൂർ യുവക്ഷേത്ര കോളേജിൽ നടത്തി. രൂപതയിലെ 130 ഇടവകകളിൽ നിന്നുള്ള 1,200 ലേറെ പ്രതിനിധികൾ പങ്കെടുത്ത സമുദായ സംഗമം മികച്ച സംഘാടനം കൊണ്ടും വിപുലമായ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.
പാലക്കാട് രൂപതയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘വിഷൻ 2024’ എന്ന പേരിൽ നടത്തിയ സമ്മേളനത്തിൽ സംഘടനയുടെ വരും നാളുകളുടെ പ്രവർത്തനത്തിന് രൂപരേഖ തയ്യാറാക്കി. സമ്മേളനം പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്ദം മോശപ്പെട്ട കാര്യമല്ലെന്നും സാമൂഹികനീതി നിഷേധിക്കപ്പെടുന്നതിന് എതിരെ സമുദായം ഒറ്റക്കെട്ടായി ഉണരണമെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ  പറഞ്ഞു.
കേരളത്തിൽ കാർഷിക മേഖലയുടെ ഉയർച്ചക്കുള്ള ശരിയായ സാധ്യതകൾ പരിശോധിക്കണം. കാർഷികവിളകളുടെ വിലത്തകർച്ച പരിഹരിക്കണം. പാപത്തെ ഒഴികെ മറ്റെന്തു നന്മയെയും പ്രോത്സാഹിപ്പിക്കണം. ഒറ്റക്കല്ല ഒന്നാണ് എന്ന പ്രമേയത്തിൽ സമുദായത്തിന്റെ ഉയർച്ചക്ക് ശക്തമായ പോരാട്ടങ്ങൾ അനിവാര്യമാകും.
അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടി നിർണ്ണായക ശക്തിയാവാൻ, സംഘടനകളുടെ സംഘടനയായി ഇതിനെ കണക്കാക്കണം. സമുദായം ദുർബലമാകാതിരിക്കാൻ, ന്യായമായും നിയമപരമായും അവകാശങ്ങൾ നേടിയെടുക്കാൻ ഉണരണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 
കത്തോലിക്കാ കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷനായി. ഫാ. ചെറിയാൻ ആഞ്ഞിലമൂട്ടിൽ ആമുഖ സന്ദേശം നൽകി. ഗ്ലോബൽ പ്രസിഡണ്ട്  അഡ്വ.ബിജു പറയന്നിലം വിശിഷ്ടാതിഥിയായി. ഗ്ലോബൽ ജെനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
ഗ്ലോബൽ സെക്രട്ടറിമാരായ ടീസ ലിസ് സെബാസ്റ്റ്യൻ, ചാർളി മാത്യു, അഡ്വ.ബോബി ബാസ്റ്റിൻ, ജോസ് മുക്കട, ജോസ് വടക്കേക്കര, കെ എഫ് ആന്റണി, പാസ്റ്റൽ കൗൺസിൽ സെക്രട്ടറി സണ്ണി നെടുംപുറം, ഡെന്നി തെങ്ങുംപള്ളിൽ, രൂപതാ സെക്രട്ടറി സണ്ണി കലങ്ങോട്ടിൽ, മോൺ. ജീജോ ചാലക്കൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഷെർലി റാവു, അഡ്വ. റെജി ജോസഫ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
പ്രൊഫ. കെ എം. ഫ്രാൻസിസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പൊതുസമ്മേളനത്തിൽ രൂപത ജനറൽ സെക്രട്ടറി  ജിജോ അറക്കൽ സ്വാഗതവും രൂപതാ സമിതി അംഗം ദീപ ബൈജു നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *