ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന. വ്യാഴാഴ്ചയോ, വെള്ളിയാഴ്ചയോ പ്രഖ്യാപിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രഭരണപ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കൾ മുതൽ ബുധൻ വരെ ജമ്മു കശ്മീർ സന്ദർശിക്കും. ഇതിനുശേഷമാകും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
കേന്ദ്രഭരണപ്രദേശത്ത് സെപ്റ്റംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചതിന് പിന്നാലെയാണ് കമ്മിഷൻ്റെ ജമ്മു കശ്മീർ സന്ദർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കേന്ദ്രഭരണപ്രദേശത്തെ നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാകുമോയെന്ന് വിലയിരുത്താൻ കേന്ദ്രം സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവരും. അതിനുമുമ്പ് വാഗ്ദാനങ്ങൾ നൽകുന്നതിന്റേയും പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന്റേയും തിരക്കിലാണ് പാർട്ടികൾ.