തിരുവനന്തപുരം: അപ്രതീക്ഷിത മാറ്റങ്ങളുടെയും സസ്‌പെന്‍സിന്റെയും മേമ്പൊടിയോടെ  കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവരുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത്  തൃശൂരിലെ പോരാട്ടം. ടി.എൻ.പ്രതാപൻ സ്ഥാനാർത്ഥിയായി കളത്തിൽ ഇറങ്ങിയപ്പോൾ തന്നെ സുരേഷ് ഗോപിയും വി.എസ്. സുനിൽകുമാറും മത്സരിക്കുന്ന തൃശൂരിൽ ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങ് ഒരുങ്ങിയിരുന്നു. എന്നാൽ പ്രതാപനെ മാറ്റി കെ.കരുണാകരൻെറ മകൻ കെ. മുരളീധരൻ സ്ഥാനാർത്ഥിയായി വരുമ്പോൾ സാംസ്കാരിക തലസ്ഥാനത്തെ മത്സരം ഒന്നുകൂടി കടുക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ലീഡർ കരുണാകരൻെറ തട്ടകമായ തൃശൂരിൽ ഇങ്ങനെയൊരു മാറ്റത്തിനും അടവ് നീക്കത്തിനും കോൺഗ്രസിനെ പ്രേരിപ്പിച്ചത് മകൾ പത്മജയുടെ ബി.ജെ.പിയിലേക്കുളള കൂറുമാറ്റമാണ്.
സ്വന്തം പൈതൃകത്തെയും പാർട്ടിയേയും തളളിപ്പറഞ്ഞ് സംഘപരിവാറിലേക്ക് ഭാഗ്യാന്വേഷണം നടത്തുന്ന പത്മജയ്ക്ക് ശക്തമായ തിരിച്ചടി കൊടുക്കുക എന്ന ആലോചനയാണ് ടി.എൻ. പ്രതാപനെ മാറ്റുന്നതിലേക്ക് നയിച്ചത്. പത്മജക്ക് തിരിച്ചടി നൽകാൻ തിരഞ്ഞെടുത്തത് കരുണാകരൻെറ തന്നെ രക്തത്തിൽ പിറന്ന കെ. മുരളീധരനെയും. പത്മജയ്ക്ക് തിരിച്ചടി കൊടുക്കുക എന്നാൽ ബി.ജെ.പിക്ക് തിരിച്ചടി നൽകുന്നതിന് തുല്യമായി കോൺഗ്രസ് കാണുന്നു. എ ക്ളാസ് മണ്ഡലമായി കണക്കാക്കി പ്രധാനമന്ത്രിയേയും കേന്ദ്രസർക്കാരിൻെറ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി തൃശൂർ ഇങ്ങെടുക്കാൻ  പരിശ്രമിക്കുന്ന ബി.ജെ.പിയെ ഏതുവിധേനയും തറ പറ്റിക്കുക എന്നതാണ് കോൺഗ്രസിൻെറ ലക്ഷ്യം.

ഇതിലൂടെ നേതാക്കളെ കൂറുമാറ്റി സ്വന്തം പാളയത്തിലെത്തിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തിന് കനത്ത പ്രഹരം നൽകാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻെറ പ്രതീക്ഷ.

തൃശൂരിങ്ങ് എടുക്കാൻ സർവ അടവും പയറ്റുന്ന സുരേഷ് ഗോപിയെ തോൽപിക്കുന്നതിൽ കോൺഗ്രസിന് ഒരുമധുര പ്രതികാരവുമുണ്ട്. പത്മജയെ ബി.ജെ.പി കൂടാരം കയറ്റുന്നതിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ  ഐ.പി.എസ് ഉദ്യോഗസ്ഥൻെറ പങ്ക് പരസ്യമായി ആരോപിക്കുമ്പോഴും ആ ഉദ്യോഗസ്ഥൻ മാത്രമല്ല മറ്റ് ചിലർക്ക് കൂടി അതിൽ പങ്കുണ്ടെന്ന് കോൺഗ്രസ് സംശയിക്കുന്നു. അതിലൊരാൾ തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയാണ്. കരുണാകരൻ ജീവിച്ചിരിക്കുമ്പോൾ തന്നെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന സുരേഷ് ഗോപിക്ക് പത്മജയുമായി നല്ല അടുപ്പമുണ്ട്. ഈ അടുപ്പവും സൗഹൃദവും ബി.ജെ.പി പ്രവേശനത്തിന് പാലമായിട്ടുണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ ഉറച്ച് വിശ്വസിക്കുന്നു.
തൃശൂരിലെ വിജയത്തിന് വേണ്ടിയുളള ഇടപെടലായി കൂടിയാണ് സുരേഷ് ഗോപി പത്മജയെ സംഘപരിവാർ പാളയത്തിലെത്തിച്ചത്. രണ്ട് തവണ തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുളള പത്മജയുടെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതെല്ലാം മനസിലാക്കിയാണ് സുരേഷ് ഗോപിയെ തോൽപ്പിക്കാൻ കെ. മുരളീധരനെ തന്നെ ഇറക്കിയത്. കെ. കരുണാകരനോട് എന്നും വികാരവായ്പ് പുലർത്തുന്ന തൃശൂർ അദ്ദേഹത്തിൻെറ മകനെയും കൈവിടില്ലെന്ന ആത്മവിശ്വാസമാണ് ഇത്തരത്തിലൊരു തന്ത്രം ആവിഷ്കരിക്കാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

മുരളി വരുന്നതോടെ ബി.ജെ.പിക്ക് ലഭിച്ചേക്കാവുന്ന വോട്ടുകൾ കൂടി സമാഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന് ഉളളത്. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന ക്രൈസ്തവ- മുസ്ലീം വോട്ടുകളും മതേതര ചിന്താഗതിക്കാരുടെ  വോട്ടുകളും  കൂടി ലഭിക്കുമ്പോൾ മുരളീധരന് നല്ല ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ.  

കെ. കരുണാകരനും കെ. മുരളീധരനും തൃശൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ അത്രനല്ല അനുഭവങ്ങളല്ല സമ്മാനിച്ചിട്ടുളളത്. തുടർച്ചയായി എട്ട് തവണ മാളയിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചിട്ടുളള ലീഡർ മാളയുടെ മാണിക്യം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയ ജീവിതത്തിൻെറ അന്ത്യപാദത്തിലാണ് തൃശൂർ തിരിച്ചടി നൽകിയത്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ  ദേശിയ രാഷ്ട്രീയത്തിലേക്ക് പോയ കെ. കരുണാകരൻ 1996ലെ  ലോകസഭാ തിരഞ്ഞെടുപ്പിൽ  തൃശൂരിൽ നിന്ന് മത്സരിച്ചിരുന്നു. സ്വന്തം രാഷ്ട്രീയ തട്ടകത്തിൽ വിജയം ഉറപ്പിച്ച കരുണാകരനെ കാത്തിരുന്നത് ഞെട്ടിക്കുന്ന തോൽവിയായിരുന്നു.
സി.പി.ഐ നേതാവ് വി.വി.രാഘവനോട് കരുണാകരൻ തോറ്റു. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ  തിരുവനന്തപുരം മണ്ഡലത്തിലേക്ക് മാറിയ ലീഡർ അവിടെ നിന്ന് വിജയിച്ചു. 1999ൽ തൃശൂർ ജില്ലയിലെ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്ന മുകുന്ദപുരത്തേക്ക് വന്ന ലീഡർ അവിടെ നിന്നും ജയിച്ചാണ് പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ചത്. 2001-06 യു.ഡി.എഫ് സർക്കാരിൽ വൈദ്യുതി മന്ത്രിയായ ശേഷം ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ വടക്കാഞ്ചേരിയിലെത്തിയപ്പോഴാണ് കെ. മുരളീധരനെ തൃശൂർ ശിക്ഷിച്ചത്. വടക്കാഞ്ചേരിയിൽ നിന്ന് എ.സി. മൊയ്തീനോട് തോറ്റ മുരളിക്ക് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നു.                                                              

By admin

Leave a Reply

Your email address will not be published. Required fields are marked *