ഡെൻമാർക്ക്: യൂറോപ്പിൽ ‘തത്തപ്പനി’ പടർന്നു പിടിക്കുന്നതായി ലോകാരോഗ്യ സംഘടന. നിലവിൽ അഞ്ചു പേർ തത്തപ്പനി ബാധിച്ച് മരിച്ചിട്ടുള്ളതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെൻമാർക്കിൽ നാല് മരണവും നെതർലാൻഡിൽ ഒരു മരണവുമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ആസ്ട്രിയ, ജർമനി, സ്വീഡൻ എന്നിവിടങ്ങളിലും നിരവധി ആളുകൾ തത്തപ്പനി ബാധിച്ച് ചികിത്സയിലാണ്. 2023 ഓടുകൂടി തന്നെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തത്തപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ ആണ് വ്യക്തികൾക്ക് വരുന്നത്. 2023ലാണ് ഈ രോഗം തിരിച്ചിറിയുന്നത്. രോഗംപിടിപെട്ട പക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ് ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കിലും അത്തരം കേസുകളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
പനി, വിറയൽ, പേശീവേദന, ഛർദ്ദി, ഓക്കാനം, ക്ഷീണം, വരണ്ട ചുമ, തലവേദന എന്നിവയാണ് പൊതുവേ കാണപ്പെടുന്ന ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിലെത്തി അഞ്ചു മുതൽ 14 ദിവസങ്ങൾക്കിടയിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇവ കൂടാതെ ശ്വാസതടസം, നെഞ്ചുവേദന, പ്രകാശത്തിൽ നിൽക്കുമ്പോൾ അസ്വസ്തത എന്നിവയും കണ്ടുവരാറുണ്ട്.
രോഗം ബാധിച്ച പക്ഷികളിൽ വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, കണ്ണുകളിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരുക, വയറിളക്കം, ശ്വാസ തടസം എന്നിവയാണ് കണ്ടുവരാറുള്ളത്. എന്നിരുന്നാലും ബാക്ടീരിയ ശരീരത്തിലെത്തിയ എല്ലാ പക്ഷികളും ലക്ഷണങ്ങൾ കാണിക്കണം എന്നില്ല. എന്നാൽ ഇവയ്ക്കും രോഗം പടർത്താനാകും.