വീട്ടിൽ എല്ലാവരുടെയും ആരോഗ്യത്തിന് പരിഗണ കൊടുക്കുമ്പോള്‍ സ്വന്തംകാര്യം പലപ്പോഴും അവഗണിക്കുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ സ്ത്രീകള്‍ ഉറപ്പായും ശ്രദ്ധക്കേണ്ട ചില  ആരോഗ്യ പ്രശ്നങ്ങൾ അറിഞ്ഞിരിക്കാൻ 
സ്തനാര്‍ബുദം
ലോകത്താകമാനമുള്ള സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സറുകളിലൊന്നാണ് സ്തനാര്‍ബുദം. പുരുഷന്‍മാരും സ്ത്രീകളും ഇതിന്‌റെ ഇരകളാകാമെങ്കിലും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്. പ്രായം, കുടുംബപാരമ്പര്യം, ഹോര്‍മോണുകള്‍, ജീവിതശൈലി, ആല്‍ക്കഹോള്‍ ഉപയോഗം, പുകവലി എന്നിവ സ്തനാര്‍ബുദത്തിന്‌റെ കാരണങ്ങളാണ്. സ്തനത്തില്‍ പ്രത്യക്ഷമാകുന്ന തടിപ്പ്, ആകൃതിയിലുണ്ടാകുന്ന വ്യത്യാസം, മുലക്കണ്ണില്‍ നിന്നു പുറത്തേക്ക് ദ്രവാവസ്ഥയില്‍ എന്തെങ്കിലും വരുക, ചര്‍മത്തിലെ മാറ്റങ്ങള്‍ എന്നിവ സ്തനാര്‍ബുദത്തിന്‌റെ ലക്ഷണങ്ങളാണ്. സ്വയം പരിശോധനയിലൂടെയും മാമ്മോഗ്രാമിലൂടെയും രോഗം ആദ്യമേ കണ്ടെത്താനാകും. നല്ലൊരു ജീവിതശൈലി ക്രമീകരിക്കുകയും മദ്യവും പുകവലിയും ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ സ്താനാര്‍ബുദ സാധ്യത പ്രതിരോധിക്കാം.
ഒസ്റ്റിയോപൊറോസിസ്
എല്ലുകളുടെ ബലം കുറയുന്നതിന്‌റെ ഫലമായി പൊട്ടലുകള്‍ക്കുള്ള സാധ്യത വര്‍ധിക്കുന്നതാണ് ഒസ്റ്റിയോപൊറോസിസ്. സ്ത്രീകളാണ് അപകടസാധ്യത കൂടിയ വിഭാഗം, പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ചവരും ഈസ്ട്രജന്‍ അളവ് കുറവുള്ളവരും. അലസമായ ജീവിതശൈലി, കാല്‍സ്യം അളവ് കുറയുക, പുകവലി, അമിതമായ മദ്യത്തിന്‌റെ ഉപയോഗം, ചില മരുന്നുകള്‍ എന്നിവ ഒസ്റ്റിയോപൊറോസിസ് സാധ്യത വര്‍ധിപ്പിക്കുന്നു. എന്തെങ്കിലും ഒരപകടം സംഭവിക്കുമ്പോഴാണ് പലപ്പോഴും ഒസ്റ്റിയോപൊറോസിസ് തിരിച്ചറിയുക. ആവശ്യത്തിന് കാല്‍സ്യവും വിറ്റാമിന്‍ ഡിയും ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുക, ശരീരഭാരം നിയന്ത്രിക്കാന്‍ ആവശ്യമായ വ്യായാമം ചെയ്യുക, മദ്യവും പുകവലിയും ഉപേക്ഷിക്കുക തുടങ്ങിയവയിലൂടെ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഒസ്റ്റിയോപൊറോസിസ് തടയാനും സാധിക്കും.
ഒവേറിയന്‍ കാന്‍സര്‍
പെല്‍വിസിലേക്കും ഉദരത്തിലേക്കും പടരുന്നതിനു മുന്‍പ് പലപ്പോഴും അണ്ഡാശയ അര്‍ബുദം തിരിച്ചറിയാറില്ല. അതുകൊണ്ടുതന്നെ ചികിത്സയും ദുഷ്‌കരമാകുന്നു. പ്രായം, കുടുംബ പാരമ്പര്യം, ജനിതക മാറ്റങ്ങള്‍, സംവേദനക്ഷമതയെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഘടകങ്ങള്‍ എന്നിവ സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. വയറു വേദന, പെല്‍വിക് പെയ്ന്‍, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള മൂത്രശങ്ക എന്നിവയാണ് ഒവേറിയന്‍ കാന്‍സറിന്‌റെ ലക്ഷണങ്ങള്‍. കുടുംബത്തില്‍ അണ്ഡാശയ അര്‍ബുദ പാരമ്പര്യം ഉണ്ടെങ്കില്‍ ജനറ്റിക് കൗണ്‍സലിങ്ങും പരിശോധനകളും ഇടയ്ക്കിടെ ചെയ്യണം.
ഹൃദ്രോഗം
പുരുഷന്‍മാരെയാണ് കൂടുതലും ഹൃദ്രോഗത്തിന്‌റെ ഇരകളായി സാധാരണ കരുതുന്നതെങ്കിലും ഹൃദ്രോഗത്താല്‍ മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണവും അധികമാണ്. ആര്‍ത്തവവിരാമത്തിനുശേഷമാണ് സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം, പുകവലി, അമിതഭാരം, അലസമായ ജീവിതശൈലി എന്നിവ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. പുരുഷന്‍മാരില്‍ നിന്നു വ്യത്യസ്തമായ ലക്ഷണങ്ങളാകും സ്ത്രീകളില്‍ ഹൃദ്രോഗത്തിന്‌റേതായി പ്രത്യക്ഷപ്പെടുക. ക്ഷീണം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഓക്കാനം, താടിയെല്ലിനും നടുവിനുമുണ്ടാകുന്ന വേദന എന്നിവയാണ് സ്ത്രീകളില്‍ സാധാരണ കാണുന്ന ലക്ഷണങ്ങള്‍. സ്ഥിരമായുള്ള വ്യായാമം, ഹൃദയാരോഗ്യത്തിനുതകുന്ന ഡയറ്റ്, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക, സ്‌ട്രെസ് ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയവയിലൂടെ ഹൃദ്രോഗത്തെ പ്രതിരോധിക്കാം.
സമ്മര്‍ദവും ഉത്കണ്ഠയും
സ്ത്രീകളില്‍ സമ്മര്‍ദവും ഉത്കണ്ഠയും ബാധിക്കാനുള്ള സാധ്യത പുരുഷന്‍മാരെക്കാള്‍ ഇരട്ടിയാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, സമൂഹത്തില്‍നിന്നുള്ള സമ്മര്‍ദം, ജനിതക മാറ്റങ്ങള്‍ എന്നിവ ഇവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. രോഗലക്ഷണങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കാം. സങ്കടം, ഉത്കണ്ഠ, ക്ഷോഭം, വിശപ്പിലും ഉറക്കത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍, താല്‍പ്പര്യക്കുറവ് എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ മനസിലാക്കി കൃത്യസമയത്ത് വിദഗ്ധരുടെ സേവനം തേടണം. എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതരാകുകയോ സുഹൃത്തുക്കളുമായി സംസാരിക്കുകയോ ഒക്കെ ചെയ്യുക വഴി സമ്മര്‍ദം ലഘൂകരിക്കാന്‍ ശ്രമിക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *