തിരുവനന്തപുരം: യുക്രെയിനെതെതിരേ യുദ്ധം ചെയ്യാൻ റഷ്യൻ സൈന്യത്തിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ട്മെന്റ്. കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത് അയച്ച വീസ കൺസൾട്ടൻസി സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. യുദ്ധം നടക്കുന്നതിനിടെ ആളുകളെ ജോലിക്കായി റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ഇതുമായി ബന്ധമുള്ള ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്തെ ഏജൻസിയിൽ നിന്നും സി.ബി.ഐ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. റഷ്യൻ സൈന്യത്തെ സഹായിക്കുന്ന ജോലി അടക്കം വാഗ്‌ദാനം ചെയ്‌താണ് വിദേശത്തേക്ക് യുവാക്കളെ കടത്തുന്ന മനുഷ്യക്കടത്ത് സംഘം കേരളത്തിൽ പ്രവർത്തിച്ചിരുന്നത്.
ഉയർന്ന ശമ്പളം വാഗ്‌ദാനം ചെയ്‌ത് റഷ്യയിലേക്ക് ഇന്ത്യൻ പൗരന്മാരെ കടത്തുന്ന സ്വകാര്യ വിസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെ സി.ബി.ഐ നടപടി തുടങ്ങി. റഷ്യയിൽ വൻ ശമ്പളമുള്ള ജോലി വാഗ്‌ദാനം ചെയ്‌ത് ഏജന്റുമാർ വഴിയും യുട്യൂബ് അടക്കം സമൂഹമാദ്ധ്യമങ്ങൾ വഴിയുമാണ് ഇവർ യുവാക്കളെ ബന്ധപ്പെട്ടിരുന്നത്. റിക്രൂട്ട് ചെയ്‌ത ശേഷം റഷ്യയിലെത്തിച്ച് സമ്മതമില്ലാതെ യുദ്ധ മുഖത്ത് വിന്യസിക്കുകയും ചെയ്തു.
യുക്രെയിൻ സംഘർഷ മേഖലകളിൽ വിന്ന്യസിച്ച ചിലർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തതിനെ തുടർന്നാണ് സി.ബി.ഐ മാഫിയ ശ്രംഖലയ്‌ക്കെതിരെ അന്വേഷണം തുടങ്ങിയത്. ഇത്തരം തെറ്റായ ജോലി വാഗ്ദാനങ്ങളിൽ വീഴരുതെന്ന് സി.ബി.ഐ അഭ്യർത്ഥിച്ചു.
യുക്രെയിനെതിരെ യുദ്ധം ചെയ്യേണ്ടിവന്ന ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാൻ (30) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ റഷ്യൻ ആർമിയിൽ സെക്യൂരിറ്റി ഹെൽപ്പറായി റിക്രൂട്ട് ചെയ്തിരുന്നെന്നാണ് വിവരം. മരണം റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെങ്കിലും എങ്ങനെ മരിച്ചെന്നതടക്കമുള്ളത് വ്യക്തമാക്കിയിട്ടില്ല. മുഹമ്മദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.സെക്യൂരിറ്റി ഹെൽപ്പറായി റിക്രൂട്ട് ചെയ്യപ്പെട്ട ഗുജറാത്തിലെ സൂറത്ത് സ്വദേശി ഹെമിൽ അശ്വിൻഭായ് മാൻഗുകിയ ( 23 ) കഴിഞ്ഞ മാസം റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
യുക്രെയിൻ – റഷ്യ യുദ്ധമുഖത്ത് കർണാടക, തെലങ്കാന, ജമ്മു കാശ്മീർ, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള 20ഓളം ഇന്ത്യക്കാർ കുടുങ്ങിയെന്നും ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കുടുങ്ങിയവരിൽ മിക്കവരും ദുബായ് ആസ്ഥാനമായുള്ള ഫൈസൽ ഖാൻ എന്ന യൂട്യൂബർ വഴി ജോലി തട്ടിപ്പിനിരയായി റഷ്യയിലെത്തിയതാണ്.
ഇവർ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിൽ ചേരാൻ നിർബന്ധിതരാകുന്നെന്നും റിപ്പോർട്ടുണ്ടായിരുന്നു. തിരുവനന്തപുരം, ഡൽഹി, മുംബയ്, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ തുടങ്ങി 13 സ്ഥലങ്ങളിൽ ഒരേസമയം സി.ബി.ഐ നടത്തിയ തെരച്ചിലിൽ പണം, ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, കംപ്യൂട്ടറുകൾ സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളും പിടിച്ചെടുത്തു. ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 35 ഓളം പേരെ വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി.
വിദേശകാര്യ മന്ത്രാലയം ഫെബ്രുവരി 29ന് പുറത്തുവിട്ട കണക്ക് പ്രകാരം റഷ്യൻ സൈന്യത്തിന്റെ സഹായികളായി 20ഓളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. തൊഴിൽതട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കൾ യുദ്ധമേഖലയായ യുക്രെയിൻ അതിർത്തിയിൽ കുടുങ്ങിയതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് കൊല്ലപ്പെട്ട വിവരങ്ങളും പുറത്തുവന്നത്.
എന്നാൽ, അഫ്സാൻ കൊല്ലപ്പെട്ടതിന് എന്താണ് തെളിവെന്നാണ് സഹോദരൻ ഇമ്രാൻ പ്രതികരിച്ചത്. സഹോദരൻ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും ഇതിന് എന്താണ് തെളിവെന്നും അന്വേഷിച്ചു കൊണ്ട് റഷ്യൻ ആർമിക്ക് ഇമ്രാൻ മറുപടി അയച്ചു. സഹോദരന്റെ മരണത്തിൽ തെളിവായി മരണ സർട്ടിഫിക്കറ്റ് വേണം. അസ്ഫാനെക്കുറിച്ചുള്ള ഈ വാർത്ത ഞങ്ങൾ എങ്ങനെ വിശ്വസിക്കും?. റഷ്യയിൽ നിന്ന് എന്തെങ്കിലും തെളിവുകളോ ഏതെങ്കിലും അംഗീകൃത സർട്ടിഫിക്കറ്റോ ഉണ്ടോ എന്നും ഇമ്രാൻ മറുപടിയിൽ ചോദിച്ചു. തന്റെ സഹോദരൻ ജീവിച്ചിരിപ്പുണ്ടെന്നാണ് റിക്രൂട്ടിംഗ് ഏജന്റ് പറയുന്നതെന്നും ഇമ്രാൻ പ്രതികരിച്ചു.