കോഴിക്കോട്: ഷാഫി പറമ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തുന്നതോടെ വടകര അങ്കം കടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സിറ്റിംഗ് എം.പിയായ കെ .മുരളീധരൻ അവിടെ ഏറെക്കുറേ സ്ഥാനാർത്ഥിയാണെന്ന് ഉറപ്പായിരിക്കുകയും മണ്ഡലത്തിലാകെ മുരളിക്കായി ചുവരെഴുത്ത് നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് മുരളിയുടെ സഹോദരി പദ്മജ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
പദ്മജയ്ക്ക് പിന്നാലെ മുരളിയും പോവുമെന്ന പ്രചാരണം സി.പി.എം കടുപ്പിച്ചതോടെയാണ് വടകരയിൽ നിന്ന് മുരളിയെ മാറ്റാൻ കോൺഗ്രസ് ആലോചിച്ചത്. പകരം ഷാഫിപറമ്പിലിനെ വടകരയിൽ മത്സരിപ്പിക്കാനുമാണ് നീക്കം.
ഷാഫിയുടെ വരവോടെ വടകരയിലെ തിരഞ്ഞെടുപ്പ് കളത്തിൽ രണ്ട് മാറ്റങ്ങളുണ്ടാവാം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് അതിലൊന്ന്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള നിരവധി മണ്ഡലങ്ങളുണ്ട് വടകരയിൽ. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ആർ.എം.പിയുടെ വോട്ടുകൾ ഒന്നാകെ സമാഹരിക്കാൻ തീപ്പൊരി പ്രാസംഗികനായ ഷാഫിക്ക് കഴിയും.
മുരളിയുടെ ബി.ജെ.പി ബാന്ധവം സംശയകരമാണെന്ന് സി.പി.എം പ്രചരിപ്പിച്ചതിനാൽ വർഗ്ഗീയതയെ എതിർക്കുന്ന ആർ.എം.പിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും മുരളിക്ക് വോട്ടു ചെയ്യാൻ മടിയുണ്ടാവാൻ ഇടയുണ്ടായിരുന്നു. ഷാഫി വന്നതോടെ ആ പ്രശ്നം മാറുകയാണ്. ടി.പി ചന്ദ്രശേഖരൻ വധവും അതിനു പിന്നിലെ സി.പി.എം ബന്ധവും പ്രതികൾക്ക് അടുത്തിടെ കോടതി ഇരട്ടിശിക്ഷ വിധിച്ചതുമെല്ലാം ഷാഫി തന്റെ തീപ്പൊരി പ്രസംഗത്തിൽ വിഷയങ്ങളാക്കുമെന്ന് ഉറപ്പാണ്. അതേസമയം തൃശൂരിലേക്ക് മാറുകയാണെങ്കിൽ കെ.മുരളീധരൻ അവിടെ ജയിക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ട സ്ഥിതിയിലുമാണ്.
പദ്മജയ്ക്ക് അനുകൂലമായി കുറേയേറെ കോൺഗ്രസ് വോട്ടുകൾ ബി.ജെ.പി പാളയത്തിലെത്താൻ ഇടയുണ്ട്. ഇതിന് തടയിടുകയാണ് മുരളിയുടെ ആദ്യ ദൗത്യം. ചുവരെഴുത്തും പ്രചാരണവും നടത്തിയ ശേഷം ടി.എൻ പ്രതാപനെ പിൻവലിക്കുകയാണെങ്കിൽ അതിന്റെ സാഹചര്യവും കോൺഗ്രസ് വിശദീകരിക്കേണ്ടി വരും. എന്തായാലും അന്തിമ പട്ടിക പുറത്തുവരുമ്പോഴേ ഇക്കാര്യങ്ങളിൽ വ്യക്തത കൈവരൂ.
എൽ.ഡി.എഫിന്റെ ഇത്തവണത്തെ പോരാളി കെ.കെ.ശൈലജയാണ്. കേരളമറിയുന്ന കെ.കെ.ശൈലജയെ ഉണ്ണിയാർച്ചയെന്ന വിശേഷണത്തോടെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. ഏതാണ്ടിപ്പോൾ മണ്ഡലത്തിന്റെ മുക്കും മൂലയും പിന്നിട്ട് അവർ ഒന്നാംഘട്ട പ്രചരണത്തിന്റെ അവസാനത്തിലാണ്. എൻ.ഡി.എ പരീക്ഷിക്കുന്നത് പുതുമുഖത്തെ. പുതുമുഖമെന്നാൽ മണ്ഡലത്തിലെ താമസക്കാരനായ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണൻ. വടകരയുടെ ഏതു കോണും കാണാപാഠമായ നേതാവ്. ഇവർക്കിടയിലേക്കാണ് ഷാഫി പറമ്പിലിനെ കോൺഗ്രസ് എത്തിക്കുന്നത്.
വർഷങ്ങളോളം സി.പി.എം ഉരുക്കുകോട്ട കെട്ടി കാത്തുസൂക്ഷിച്ച വടകര ലോക്‌സഭാ മണ്ഡലം ഇപ്പോൾ കോൺഗ്രസിന്റെ കൈകളിലാണ്. 2004ലാണ് സി.പി.എമ്മിന്റെ അവസാന ജയം. അഡ്വ.പി. സതീദേവിയായിരുന്നു സ്ഥാനാർത്ഥി. ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന് സതീദേവി നേടിയത്. 2009ആയതോടെ കഥ മാറി. ടി.പി.ചന്ദ്രശേഖരൻ പാർട്ടിവിട്ട് റവലൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയുണ്ടാക്കി. സി.പി.എം ആടിയുലഞ്ഞു.
സതീദേവി തന്നെ സ്ഥാനാർത്ഥിയായെങ്കിലും കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് സതീദേവിയെ തോൽപ്പിച്ചു. 2014ലും മുല്ലപ്പള്ളി നയിച്ചു. പ്രതിയോഗിയായി എ.എൻ.ഷംസീർ വന്നിട്ടും ഒന്നും നടന്നില്ല. 2019 ആയപ്പോൾ മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ചപിടിക്കാൻ പി.ജയരാജനെ ഇറക്കി നോക്കി. പക്ഷെ കെ.മുരളീധരനുമുമ്പിൽ ജയരാജനും കാലിടറി. 2024ലെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ഇടതുപക്ഷത്തിന് വടകരയിൽ ജീവൻമരണ പോരാട്ടമാണ്.
വടകരയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നൊഴിച്ച് ആറും ഇടതുപക്ഷത്താണ്. തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വടകര ലോക്‌സഭാ നിയോജകമണ്ഡലം.
വടകര നിയമസഭാ മണ്ഡലം ഒഴിച്ച് ബാക്കിയെല്ലാം എൽ.ഡി.എഫിന്റേത്. 2009മുതൽ ബി.ജെ.പിയുടെ ഗ്രാഫ് മുകളിലോട്ടാണ്. കഴിഞ്ഞ തവണ വി.കെ. സജീവൻ എൻ.ഡി.എയ്ക്കായി 80128 വോട്ടുകളാണ് പിടിച്ചത്. ഇത്തവണയും ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ വടകരയിൽ നിർണയാകമാവും.