ആക്രി പെറുക്കുന്നതിനിടെ എടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തിൽ തകഴി സ്വദേശി സഹദേവൻ. കേരള ഭാഗ്യക്കുറി വകുപ്പ് ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് KN 512 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ആക്രി പെറുക്കി ജീവിക്കുന്ന സഹദേവനെ തേടിയെത്തിയത്. നങ്ങ്യാർകുളങ്ങര കവലയ്ക്ക് പടിഞ്ഞാറ് ഉള്ള മധു എന്നയാളുടെ ലോട്ടറി സ്റ്റാളിൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.
ഹരിപ്പാടും നങ്ങ്യാർകുളങ്ങരയിലും പരിസരപ്രദേശങ്ങളിലുമായി ആക്രി പെറുക്കി ഉപജീവനം നടത്തുന്നയാളാണ് സഹദേവൻ. ലോട്ടറിക്കടയിൽ നിന്ന് സമയം ചോദിച്ച് അതിനനുസരിച്ചെടുത്ത ലോട്ടറിയ്ക്കാണ് തനിക്ക് സമ്മാനം ലഭിച്ചതെന്നാണ് സഹദേവൻ പറയുന്നത്. ‘സമയം ചോദിച്ചു. 2:25 എന്ന് പറഞ്ഞു. അപ്പോൾ 5 ൽ തീരുന്ന ഒരു ലോട്ടറി തരാൻ പറഞ്ഞു. അവർ ഈ ലോട്ടറിയാണ് തന്നത്. അതുകഴിഞ്ഞ് രണ്ടോ, മൂന്നോ ലോട്ടറിയേ ബാക്കിയുണ്ടായിരുന്നുള്ളൂ’ സഹദേവൻ പറഞ്ഞു.
ഹരിപ്പാട് കച്ചേരി ജങ്ഷന് പ്രവർത്തിക്കുന്ന തമ്പുരാട്ടി ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ കാരുണ്യ പ്ലസ് KN 512 ലോട്ടറിയുടെ PJ649925 എന്ന നമ്പറിലാണ് ഒന്നാം സമ്മാനം ആയ 80 ലക്ഷം രൂപ അടിച്ചത്. മുൻപ് താൻ ഗോവയിൽ ആയിരുന്നെന്ന് സഹദേവൻ പറയുന്നു. ആക്രി പെറുക്കി വിറ്റ് ലഭിക്കുന്ന വരുമാനത്തിൽ നിന്നും മിച്ചമുള്ള പണം ഉപയോഗിച്ച് ഇടയ്ക്കിടെ ലോട്ടറി എടുക്കാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിൻറെ നങ്ങ്യാർകുളങ്ങര ശാഖയിലെ ബാങ്ക് അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് സഹദേവൻ പറഞ്ഞു. തൻറെ പ്രയാസ ജീവിതത്തിന് തണലേകാൻ കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ഭാഗ്യം തുണച്ചതിൽ സന്തോഷവാനാണ് സഹദേവൻ.
നേരത്തെയും കേരള ഭാഗ്യക്കുറിയിലൂടെ സഹദേവന് സമ്മാനം ലഭിച്ചിട്ടുണ്ട്. അന്ന് 5000 രൂപയാണ് കിട്ടിയതെന്നാണ് സഹദേവൻ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ PH 244235 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.