ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്ടസ് എന്നീ കൊതുകുകളിലൂടെ പകരുന്ന രോഗമാണ് ചിക്കുന്‍ഗുനിയ.  രോഗം ബാധിച്ച ഒരാളെ കടിച്ച ശേഷം അടുത്തയാളെ കടിക്കുന്നതിലൂടെയാണ് ഈ    രോഗം പരത്തുന്നത്. ഇതൊരു വൈറല്‍ രോഗമാണ്. 2023-ല്‍ ചിക്കുന്‍ഗുനിയ ബാധിച്ച് 400 മരണങ്ങളും അഞ്ച് ലക്ഷം ചിക്കുന്‍ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കേസുകള്‍ നിരവധിയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. 
രോഗികള്‍ പൂര്‍ണമായി സുഖം പ്രാപിക്കാമെങ്കിലും ചിലരില്‍ ചിക്കുന്‍ഗുനിയ മാരകമാകാറുണ്ട്. ചിക്കുന്‍ഗുനിയ ഭേദമായി മൂന്നു മാസംവരെ മരണസാധ്യത നിലനില്‍ക്കുന്നതായി ലാന്‍സെറ്റ് പഠനത്തിൽ പറയുന്നു. 
ചിക്കുന്‍ഗുനിയയ്ക്ക് പ്രത്യേക മരുന്നോ ചികിത്സയ്ക്ക് ശേഷം സങ്കീര്‍ണതകള്‍ ഒഴിവാക്കാനാശ്യമായ ചികിത്സയോ ഇതുവരെ വികസിപ്പിച്ചിട്ടില്ല.  ചിക്കുന്‍ഗുനിയ അണുബാധ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇതിന്‌റെ അപകടസാധ്യത മുന്നില്‍ക്കണ്ട് അണുബാധ നിയന്ത്രിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ് 
ചിക്കുന്‍ഗുനിയ അണുബാധയുടെ കാലഘട്ടം അവസാനിച്ചശേഷവും രോഗികള്‍ക്ക് സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് ലാന്‍സെറ്റ് പഠനം പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ ശേഷം 14 ദിവസമോ അതിലധികമോ ഈ അപകടസാധ്യത നീണ്ടുനില്‍ക്കാം. അണുബാധ പിടിപെട്ടവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആദ്യആഴ്ചയില്‍ മരിക്കാനുള്ള സാധ്യത എട്ട് മടങ്ങ് അധികമാണ്. അണുബാധയ്ക്കു ശേഷമുള്ള മൂന്നു മാസങ്ങളില്‍ സങ്കീര്‍ണതകള്‍ കാരണം മരിക്കാനുള്ള സാധ്യത ഇരട്ടിയാണ്. ഇസീമിക് ഹാര്‍ട്ട് ഡിസീസ്, മെറ്റബോളിക് പ്രശ്‌നങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവയാണ് കൂടുതലും മരണത്തിലേക്കു നയിക്കുന്നത്. പ്രായമോ ലിംഗവ്യത്യാസമോ ഇല്ലാതെ ആരില്‍ വേണമെങ്കിലും ഈ അപകട സാധ്യത നിലനില്‍ക്കുന്നതായും പഠനം പറയുന്നു.
കാലാവസ്ഥയും രോഗം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. നാഗകരികവല്‍ക്കരണവും മനുഷ്യരുടെ സഞ്ചാര സ്വഭാവവും രോഗവ്യാപ്തി വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. പൊതുജനാരോഗ്യ രംഗത്ത് ഒരു ഭീഷണിയായി ചിക്കുന്‍ഗുനിയ മാറാമെന്ന ആശങ്കയും ഗവേഷകര്‍ പ്രകടിപ്പിക്കുന്നു.
കഠിനമായ പനി, തലവേദന, പേശി വേദന, സന്ധി വീക്കം എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. കണ്ണിന് ചുവപ്പ് നിറം വരുക, പ്രകാശത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക. ശരീരത്തില്‍ അങ്ങിങ്ങായി ചുവന്ന പാടുകള്‍ വരിക, കുരുക്കള്‍ ഉണ്ടാവുക, ഛര്‍ദി, ക്ഷീണം അനുഭവപ്പെടുക എന്നിവയും ചിക്കുന്‍ ഗുനിയയുടെ മറ്റ് ലക്ഷണങ്ങളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *