ഇന്ത്യൻ വിപണിയിൽ പുതിയ ഉൽപ്പന്ന തന്ത്രവുമായി റോയൽ എൻഫീൽഡ്. രണ്ട് പുതിയ 650 സിസി മോട്ടോർസൈക്കിളുകളും ബ്രാൻഡിൻ്റെ ഏറ്റവും പുതിയ 450 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മോട്ടോർസൈക്കിളും ഉൾപ്പെടെ ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകൾ കമ്പനി പരീക്ഷിക്കുന്നു.
റോയൽ എൻഫീൽഡ് 450 സിസി റോഡ്‌സ്റ്റർ അടുത്തിടെ നിർമ്മാണത്തിന് സമീപമുള്ള രൂപത്തിൽ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ വർഷം അവസാനത്തോടെ പുതിയ 450 സിസി റോഡ്സ്റ്റർ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ റോയൽ എൻഫീൽഡ് 450 സിസി റോഡ്‌സ്റ്റർ നിയോ-റെട്രോ സ്റ്റൈലിംഗോടെയാണ് വരുന്നത്.
അത് ഹണ്ടർ 350ന് സമാനമാണ്. പരമ്പരാഗത വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ-ലാമ്പുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ചെറിയ ടെയിൽ സെക്ഷൻ എന്നിവ മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു. മോട്ടോർസൈക്കിളിന് സ്വൂപ്പിംഗ് റൗണ്ട് ടാങ്കും സിംഗിൾ പീസ് സീറ്റും ലഭിക്കുന്നുണ്ടെന്ന് പുറത്തുവന്ന പരീക്ഷണയോട്ടത്തിനിടയുള്ള ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
റോയൽ എൻഫീൽഡ് 450 സിസി റോഡ്‌സ്റ്റർ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോഷോക്ക് യൂണിറ്റുമായി വരും. ഒരു റഫറൻസ് എന്ന നിലയിൽ, പുതിയ ഹിമാലയൻ ഒരു യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുമായി വരുന്നു. ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിന് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും ഉണ്ടായിരിക്കും. പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുമായാണ് ഹണ്ടർ 350 വരുന്നത്.