പാലക്കാട്: ഇടതുഭരണത്തിൽ കേരളത്തിലെ സ്ത്രീകൾ കടുത്ത അവഗണന നേരിടുകയാണെന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി പി. ആര്യ പറഞ്ഞു.ലോക വനിതാ ദിനത്തിൻ്റെ ഭാഗമായി പാലക്കാട് ബി. എം.എസ്. കാര്യാലയത്തിൽ വെച്ചു നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ ഭാരതീയ സാംസ്കാരിക പൈതൃകം ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വാളയാറും ഇടുക്കിയുമുൾപ്പടെ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയവർ സ്വൈരവിഹാരം നടത്തുന്ന സാഹചര്യം കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് വെല്ലുവിളി ഉയർത്തുകയാണ്. ദിനംപ്രതിയെന്നോളം കുരുന്നുകൾ മുതൽ വയോവൃദ്ധകൾ വരെ പീഡനത്തിന് ഇരയാവുന്ന സ്ത്രീകളുടെ എണ്ണത്തിലെ വർദ്ധനവ് സർക്കാരിൻ്റെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നും അവർ ആരോപിച്ചു.
കോളേജ് കാമ്പസുകളിലുൾപ്പടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ സ്ത്രീത്വം അപമാനിക്കപ്പെടുമ്പോൾ അതിനൊത്താശ ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.ചുംബന സമരവും താലിയറുക്കൽ സമരവുമുൾപ്പടെ പരിഷ്കൃതസമൂഹമെന്നവകാശപ്പെടുന്നവരുടെ വൈകൃതകങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ തെരുവിൽ ഉറങ്ങിക്കിടക്കുന്ന പിഞ്ചു ബാലികമാർ മുതൽ അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്ന വനിതകൾ ഉൾപ്പടെ ലജ്ജിപ്പിക്കുന്ന അതിക്രമങ്ങൾക്കിരയാവുകയാണ്.വിദ്യാഭ്യാസ സമ്പ്രദായത്തിലുൾപ്പടെ നടത്തിയ പരിഷ്കരണങ്ങളാണ് കേരളത്തിൽ ഈ അതിക്രമങ്ങൾ വർദ്ധിക്കുന്നതിനടയാക്കുന്നത്.ഭരണമേഖലയിൽ ഉൾപ്പടെ സ്ത്രീകൾക്ക് സംവരണം നൽകിക്കൊണ്ടും രാഷ്ട്രപതിയുൾപ്പടെയുള്ള അധികാര സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ എത്തിച്ചും കേന്ദ്ര സർക്കാർ നടത്തുന്ന പരിവർത്തന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ബി എം എസ് ജില്ലാ ജോ. സെക്രട്ടറി കെ.രാജേശ്വരി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി. രാജേഷ് സമാപന പ്രസംഗം നടത്തി.ജില്ലാ പ്രസിഡൻ്റ് സലിം തെന്നിലാപുരം, എസ്.എസ്.സിന്ധു,കെ.രേഖ ,ഇ.കെ.പാർവ്വതി,എം. മഞ്ജുഷ,എം.വി.പുഷ്പലത എന്നിവർ ആശംസകളറിയിച്ചു.ജില്ലാ സമിതി അംഗങ്ങളായ കെ. ഈശ്വരി സ്വാഗതവും, സി. പ്രവീണ നന്ദിയും പറഞ്ഞു.
News
അന്താരാഷ്ട്ര വനിതാ ദിനം 2024
കേരളം
ജില്ലാ വാര്‍ത്തകള്‍
ദേശീയം
പാലക്കാട്
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത