കുട്ടികളോ കൗമാരക്കാരോ ആണെങ്കില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ അവശ്യം വേണ്ടുന്നൊരു ഘടകം എന്നുപറയാം അയേണ്‍ . കുട്ടികളിലും മുതിര്‍ന്നവരിലും അയേണ്‍ ചെയ്യുന്ന മറ്റൊരു സുപ്രധാന ധര്‍മ്മം ഹീമോഗ്ലോബിന്‍റെ ഉത്പാദനം ആണ്. ഹീമോഗ്ലോബിൻ ആവശ്യത്തിന് ഇല്ലെങ്കില്‍ വിളര്‍ച്ചയിലേ അത് വന്നുനില്‍ക്കൂ. വിളര്‍ച്ച അഥവാ അനീമിയ തന്നെയാണ് അയേണ്‍ കുറവ് മൂലം സംഭവിക്കുന്നൊരു പ്രശ്നം. 
ഇത്രമാത്രം പ്രധാനമാണെങ്കില്‍ അയേണ്‍ കുറവ് അപൂര്‍വമൊന്നുമല്ല. പ്രത്യേകിച്ച് ഇന്ത്യയില്‍ വലിയ തോതിലാണ് അയേണ്‍ കുറവ് കാണപ്പെടുന്നത്. സ്ത്രീകളിലാണ് ഭീകരമായ തോതില്‍ അയേണ്‍ കുറവ് കാണപ്പെടുന്നത്. 
അയേണ്‍ കുറ‍ഞ്ഞാല്‍ ആരോഗ്യത്തെ അത് പല രീതിയില്‍ ബാധിക്കും. ഇതിന്‍റെ ഭാഗമായി പല ലക്ഷണങ്ങളും ശരീരത്തില്‍ പ്രകടമാകും. ഇതിലൊന്നാണ് എഴുന്നേല്‍ക്കുമ്പോള്‍ പെട്ടെന്ന് തലകറക്കം തോന്നുന്ന അവസ്ഥ. എവിടെയെങ്കിലും ഇരുന്നിട്ടോ കിടന്നിട്ടോ എഴുന്നേല്‍ക്കുമ്പോള്‍ തലകറങ്ങുക. അയേണഅ‍ കുറഞ്ഞ് അത് വിളര്‍ച്ചയിലേക്കെത്തി എന്നതിന്‍റെ സൂചനയാണിത്. തലച്ചോറിലേക്ക് ആവശ്യമായത്ര ഓക്സിജൻ എത്തിക്കാൻ സാധിക്കാത്തത് മൂലമാണ് ഇങ്ങനെ തലകറക്കമുണ്ടാകുന്നത്. 
അയേണ്‍ കാര്യമായ തോതില്‍ കുറഞ്ഞാല്‍ വേറെയും പല പ്രശ്നങ്ങളും കാണും. തൊലിയെ ബാധിക്കുന്നതിന്‍റെ ഭാഗമായി എപ്പോഴും ചുണ്ടുകള്‍ വരണ്ടിരിക്കുക, ചുണ്ടുകള്‍ പൊട്ടുക, വായയുടെ മൂലയിലും പൊട്ടലുണ്ടാവുക, അയേണ്‍ കുറവ് ഹൃദയപേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത് മൂലം നെഞ്ചിടിപ്പ് ഉയരുക, നെഞ്ചെരിച്ചിലുണ്ടാവുക, വിളര്‍ച്ച മൂലം തൊലി മഞ്ഞനിറം കയറുക, കണ്ണുകളിലും മഞ്ഞനിറം കയറുക, അയേണ്‍ കുറവ് രക്തക്കുഴലുകളെ ദുര്‍ബലമാക്കുന്നത് മൂലം പെട്ടെന്ന് മുറിവുകളോ പരുക്കുകളോ സംഭവിക്കുക എന്നിങ്ങനെ പല പ്രശ്നങ്ങളും അയേണ്‍ താഴുമ്പോഴുണ്ടാകുന്നു. 
ഇത് കൂടാതെ മുടി കൊഴിച്ചില്‍, നഖം പൊട്ടല്‍, ശ്രദ്ധക്കുറവ്, ശ്വാസതടസം, തളര്‍ച്ച, കൈകാലുകള്‍ തണുക്കുക, തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ബാധിക്കാം. അയേണ്‍ വളരെ കുറവാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റ്സ് എടുക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അയേണ്‍ കാര്യമായി കിട്ടുന്ന ഭക്ഷണം കഴിക്കാം. ചീര, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, മത്തൻകുരു, ക്വിനോവ, ബ്രോക്കൊളി, ഡാര്‍ക് ചോക്ലേറ്റ്, ബീറ്റ്റൂട്ട്, നട്ട്സ്, സീഡ്സ്, മുട്ട, ഇറച്ചി എന്നിവയെല്ലാം അയേണിനായി കഴിക്കാവുന്നതാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *