ലണ്ടന്‍: ലോക മാരത്തൺ ചരിത്രത്തിൽ ഇടം നേടി യു കെ മലയാളി. ആറ് ലോക മാരത്തണുകളും വിജയകരമായി പൂര്‍ത്തിയാക്കിയ ലണ്ടന്‍ മലയാളി മേജര്‍ ജോളി ലാസറിനെ തേടിയെത്തിയത്  ‘സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍’ പദവി. നേരത്തെ മറ്റ് അഞ്ച് മാരത്തണുകളും പൂര്‍ത്തിയാക്കിയിരുന്ന ജോളി കഴിഞ്ഞദിവസം ടോക്കിയോ മാരത്തണും വിജയകരമായി ഫിനിഷ് ചെയ്തതോടെയാണ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍ പദവിയിലെത്തിയത്. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ബോസ്റ്റണ്‍, ബര്‍ലിന്‍, ടോക്കിയോ, ലണ്ടന്‍ എന്നീ ലോകോത്തര മാരത്തണുകള്‍ ആറെണ്ണവും വിജയകരമായി ഓടുന്നവര്‍ക്ക് ലഭിക്കുന്ന അത്യപൂര്‍വ ബഹുമതിയാണ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍. 
മുൻപ് അപൂർവം പേർ മാത്രം കൈവരിച്ച ഈ നേട്ടത്തിലെത്തുന്ന മൂന്നോ നാലോ മലയാളികളില്‍ ഒരാളാണ് മേജർ ജോളി. മത്സരങ്ങളിൽ ഏറ്റവും പ്രയാസമേറിയ ബോസ്റ്റണ്‍ കുന്നുകളിലെ മാരത്തൺ രണ്ടുവര്‍ഷം മുമ്പ് 03:29:12 എന്ന സമയത്തില്‍ ജോളി പൂര്‍ത്തിയാക്കിയിരുന്നു.  തുടർന്ന്, കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോയും പൂര്‍ത്തിയാക്കിയാണ് ടോക്കിയോയില്‍ അന്തിമ നേട്ടം കൈവരിച്ചത്.

ഈ മലയാളികളുടെ പട്ടികയിൽ മനോജ് കുര്യാക്കോസ്, രമേശ് പണിക്കര്‍, എഡ്ഗാര്‍ പിന്റോ എന്നിവര്രാണ് ജോളിക്ക് മുമ്പ് സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍മാരായിട്ടുണ്ട്. ലോകത്താകെ 11,000 പേര്‍ക്കുമാത്രമാണ് ഇതുവരെ ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ഇന്ത്യയില്‍നിന്നും പട്ടികയിൽ ഇടം നേടിയതാകട്ടെ വെറും 101 പേരും.
ഞായറാഴ്ച നടന്ന മാരത്തണില്‍ മൂന്നു മണിക്കൂര്‍ 28 മിനിറ്റുകൊണ്ട് 42.2 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ജോളി യു കെ മലയാളികളുടെ മാത്രമല്ല ലോക മലയാളി സമൂഹത്തിന് തന്നെ അഭിമാന താരമായി മാറിയത്. വിപരീത കാലാവസ്ഥകളിലും അടുക്കും ചിട്ടയോടെയുമുള്ള കഠിന പരിശ്രമവും അതിരറ്റ ആത്മവിശ്വാസവുമാണ്  ജോളിയുടെ നേട്ടത്തിന്റെ പിന്നിലെ രഹസ്യം. 
നാട്ടിൽ തൃശൂര്‍ മണ്ണുത്തി പാറയില്‍ ലാസറിന്റെയും തങ്കമ്മയുടെയും മകനായ ജോളി, ഇന്ത്യന്‍ ആര്‍മിയില്‍നിന്നും മേജര്‍ പദവിയില്‍ വിരമിച്ചു. ഇപ്പോൾ കുടുംബസമേതം യു കെയിൽ ഈസ്റ്റ് ലണ്ടനിലെ ഡെഗ്‌നാമിലാണ് താമസിക്കുന്നത്. നോക്കിയ, നീറ്റ്ആപ്പ്, എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ജോളി ഇപ്പോള്‍ ലണ്ടനിലെ റെഡ്ഹാറ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഭാര്യ : വിനീത. വിദ്യാര്‍ഥികളായ ജോവിന്‍, ജെന്നിഫര്‍ എന്നിവരാണ് മക്കൾ.
അഭിമാന നേട്ടവുമായി എത്തിയ രാത്രി ലണ്ടനിൽ മടങ്ങിയെത്തിയ ജോളിക്ക് ഹീത്രുയിൽ വെച്ച് സുഹൃത്തുക്കള്‍ ഗംഭീര സ്വീകരണം ഒരുക്കി. ലണ്ടനിലെ ജോയ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേകം സ്വീകരണവും നല്‍കി.
ഇന്ത്യക്ക് അകത്തും പുറത്തുമായി ഇതിനോടകം 15 മാരത്തണുകള്‍ ജോളി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുടുംബത്തിന്റെയും കൂട്ടുകാരുടെയും സഹകരണവും ഏതു പ്രതികൂല സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യാനുള്ള മനസുമാണ് ജോളിയെ ഈ വിജയദൂരങ്ങളത്രയും താണ്ടാന്‍ സഹായിക്കുന്നത്. മിക്ക മാരത്തണുകള്‍ക്കും നറുക്കെടുപ്പിലൂടെയാണ് ഓട്ടക്കാര്‍ യോഗ്യത നേടുന്നത്.
എന്നാല്‍ ലോകത്തെ ആറ് വലിയ മാരത്തണുകളില്‍ ഏറ്റവും പ്രയാസപ്പെട്ട ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുക്കണമെങ്കില്‍ മൂന്നു മണിക്കൂര്‍ 20 മിനിറ്റില്‍ മറ്റേതെങ്കിലും പ്രധാന മാരത്തണ്‍ ഓടി യോഗ്യത നേടണം. ഈ കടമ്പ നേരത്തെ പൂര്‍ത്തിയാക്കിയിരുന്ന ജോളിക്ക് അതുകൊണ്ടുതന്നെ സിക്‌സ് സ്റ്റാര്‍ ഫിനിഷര്‍ നേട്ടത്തിലേക്ക് എത്താന്‍ ടോക്കിയോയിലെ ഓട്ടം ഒരു വലിയ കടമ്പയേ ആയിരുന്നില്ല.  

By admin

Leave a Reply

Your email address will not be published. Required fields are marked *