തിരുവനന്തപുരം: അര്‍ധരാത്രി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് ജോലി നല്കാന് മന്ത്രിസഭാ യോഗതീരുമാനം. കെ.എസ്.&എസ്.എസ്.ആർ. റൂൾ 39 ലെ സവിശേഷാധികാരം ഉപയോഗിച്ച് നിഷ ബാലകൃഷ്ണന് തദ്ദേശസ്വയംഭരണവകുപ്പിൽ എൽ.ഡി.ക്ലർക്ക് തസ്തികയിൽ നിയമനം നൽകും.
2018 മാർച്ച് 31 ന് കാലാവധി അവസാനിച്ച എറണാകുളം ജില്ല എൽ.ഡി.ക്ലർക്ക് പി.എസ്.സി.റാങ്ക് ലിസ്റ്റിൽപ്പെട്ട ഇവർക്ക് നഗരകാര്യഡയറക്ടറേറ്റിൽ നിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്ടപ്പെട്ടു എന്ന അപേക്ഷ പരിഗണിച്ചാണിത്. ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തിൽ സിനിയോറിറ്റിക്ക് അർഹത.
എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് 2018 മാര്‍ച്ച് 31 ന് അവസാനിച്ച എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നിഷ ബാലകൃഷ്ണന് 4 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണു ജോലി നഷ്ടമായത്.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിഷയ്ക്കു നിയമനം ലഭിക്കത്തക്കവിധം മാർച്ച് 28നു കൊച്ചി കോർപറേഷൻ ഓഫിസിൽനിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും നഗരകാര്യ ഡയറക്ടർ ഓഫിസിൽനിന്ന് അതു പിഎസ്സിക്കു റിപ്പോർട്ട് ചെയ്തത് 31ന് അർധരാത്രി 12നാണ്. 12 മണിയും 4 സെക്കൻഡും കഴിഞ്ഞാണ് മെയില്‍ പിഎസ്സിക്ക് കിട്ടിയത്. പട്ടികയുടെ കാലാവധി അർധരാത്രി 12ന് അവസാനിച്ചെന്നു പറഞ്ഞു യുവതിക്ക് അര്‍ഹിച്ച ജോലി നഷ്ടമാവുകയായിരുന്നു.