ആലപ്പുഴ: കെ.സി വേണുഗോപാൽ സ്ഥാനാർത്ഥിയാകുന്നതിനെ ചൊല്ലി ആലപ്പുഴയിൽ അനിശ്ചിതത്വം തുടരുന്നു. രാജസ്ഥാനിൽ നിന്നുളള രാജ്യസഭാംഗമായ കെ.സി വേണുഗോപാലിന്, രണ്ട് വർഷം കൂടി കാലവധി ഉളളതാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം നീളാൻ കാരണം.
ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ചാൽ രാജ്യസഭാ അംഗത്വം രാജിവെയ്ക്കേണ്ടിവരും. രാജസ്ഥാനിൽ സംസ്ഥാന ഭരണം ബിജെപിയിലേക്ക് പോയതോടെ ഇനി ആ സീറ്റിൽ വിജയിക്കാനാവില്ല.
ഹിമാചലിൽ നിന്ന് മനു അഭിഷേക് സിംഗ്‌വിയെ രാജ്യസഭയിൽ എത്തിക്കാനുളള ശ്രമം കൂടി പരാജയപ്പെട്ട സാഹചര്യത്തിൽ രാജസ്ഥാനിൽ നിന്നുളള സീറ്റ് കൂടി നഷ്ടപ്പെടുത്തുന്നത് ഹൈക്കമാൻഡിന് ആലോചിക്കാൻ  കഴിയാത്ത വിഷയമാണ്.

രാജസ്ഥാനിൽ നിന്നുളള അംഗത്വം നഷ്ടപ്പെടുത്തിയാൽ രാജ്യസഭയിലെ ബിജെപി അംഗബലം 250 ആയി ഉയരും. ഇപ്പോഴത്തെ സാഹചര്യത്തിൽ അതും രാഷ്ട്രീയമായി ദോഷകരമാണ്. ഇതെല്ലാം കണക്കിലെടുക്കുന്നത് കൊണ്ടാണ് കെ.സി വേണുഗോപാലിനെ ലോകസഭയിലേക്ക് മത്സരിപ്പിക്കുന്നതിൽ ഹൈക്കമാൻഡിന് തീരുമാനം എടുക്കാൻ കഴിയാത്തത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. രാഹുലിൻെറ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടത് സംഘടനാ ചുമതലയുളള എഐസിസി സെക്രട്ടറി എന്ന നിലയിൽ കെ.സി വേണുഗോപാലിൻെറ ഉത്തരവാദിത്തമാണ്. രാഹുൽ കേരളത്തിൽ തന്നെ മത്സരിക്കണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വവും യുഡിഎഫും ആവശ്യപ്പെടുന്നുമുണ്ട്. പുതിയ തീരുമാനവും അതുതന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
ഇടത് – ബിജെപി മുന്നണികൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടും ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ പാർട്ടി നേതാക്കൾക്ക് പോലും ഒരു ഊഹവുമില്ല. ഇത് പ്രവർത്തകരുടെ ആവേശത്തെയും ബാധിച്ചിട്ടുണ്ട്.
കെ.സി വേണുഗോപാലിൻെറ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ട് മറ്റൊരു പേരിനെ കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് നേതൃതലത്തിലെ ധാരണ.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബി. ബാബു പ്രസാദ്, ഷാനിമോൾ ഉസ്മാൻ, ഷുക്കൂര്‍ എക്സ് എംഎല്‍എ തുടങ്ങിയ നിരവധി പേരുകൾ കെ.സിയുടെ ഒഴിവിലേക്ക് ഇടിച്ചുകയറാൻ തയാറായി  നിൽക്കുകയാണ്.

സമുദായ പ്രാതിനിധ്യം, വിജയ സാധ്യത എന്നിവയെല്ലാം കണക്കാക്കിയാകും കെ.സിയുടെ പകരക്കാരനെ തീരുമാനിക്കുക. കെ.സി വേണുഗോപാൽ മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മ വിശ്വാസം.
ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ വന്നതോടെ ആലപ്പുഴയിൽ മത്സരിക്കാൻ കെ.സി വേണുഗോപാലിന് താൽപര്യം കുറഞ്ഞെന്നും പ്രചരണമുണ്ട്.
ബിജെപിയുടെ തീപ്പൊരി സ്ഥാനാർത്ഥിയായ ശോഭ മണ്ഡലത്തിൽ ഇളക്കം ഉണ്ടാക്കിയാൽ കഴിഞ്ഞ തവണ ബിജെപി നേടിയ 1.81ലക്ഷം വോട്ടുകളെക്കാൾ കൂടുതൽ നേടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് കോൺഗ്രസിൻെറ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

ഈഴവ വിഭാഗത്തിൽ നിന്നുളള ശോഭയ്ക്ക് എസ്എൻഡിപിയുടെ പിന്തുണ ലഭിക്കാം. മാതാ അമൃതാനന്ദ മയി മഠവും ബിജെപി അനുകൂല സമീപനം സ്വീകരിച്ചാൽ തീരദേശത്തെ ഹിന്ദു വോട്ടുകൾ ശോഭയിലേക്ക് പോകും. ആ അടിയൊഴുക്കിലാണ് കോൺഗ്രസ് പാളയത്തിൽ ആശങ്ക വളരുന്നത്.

വി.മുരളീധരൻ പക്ഷത്തുളള ആലപ്പുഴയിലെ ബിജെപി നേതൃത്വത്തിന് ശോഭയോട് അത്ര പഥ്യമില്ല.എന്നാൽ വോട്ട് മറിയ്ക്കാൻ കെൽപ്പുളള നേതൃത്വമൊന്നും ആലപ്പുഴയിലെ ബിജെപി നേതൃത്വത്തിലില്ല. എന്തായാലും ശോഭയുടെ വരവോടെ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *