നോർത്താംപ്ട്ടൻ: മലയാളിയുടെ സമയോചിത ഇടപെടലിൽ കുടുങ്ങിയത് യു കെയിലെ അന്താരാഷ്ട്ര വാഹന മോഷണ സംഘം.
സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്റെ സഹസ്ഥാപകനും ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറും മലയാളിയുമായ അഡ്വ. സുഭാഷ് ജോർജ് മാനുവലിന്റെ ഇടപെടലാണ് കുറച്ച് കാലമായി ബ്രിട്ടീഷ് പോലീസിന് തലവേദന സൃഷ്ട്ടിച്ചുകൊണ്ടിരുന്ന അന്താരാഷ്ട്ര വാഹന മോഷണ സംഘത്തിന്റെ ഒരു വൻ മോഷണ ശ്രമം തകർത്തത്.
കഴിഞ്ഞദിവസം രാവിലെ നോർത്താംപ്ട്ടനിൽ താമസിക്കുന്ന സുഭാഷിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്ന ബിഎംഡബ്ല്യു സെവൻ സീരിസ് കാർ മോഷ്ണം പോയിരുന്നു. ‘ബിൽഡ് യുവർ ബിഎംഡബ്ല്യു’ എന്ന നൂതന ഓപ്ഷനിലൂടെ സുഭാഷ് തന്നെ കസ്റ്റമൈസ് ചെയ്ത് നൂതന സുരക്ഷാസംവിധാനങ്ങളോടെ നിർമിച്ച കാറായിരുന്നിട്ടു പോലും അതെല്ലാം നിർവീര്യമാക്കിയാണ് മോഷ്ടാക്കൾ കാറുമായി കടന്നത്.കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സോഫ്റ്റ്വെയറുകളും മോഷ്ട്ടാക്കൾ പൂർണമായും പ്രവർത്തന രഹിതമാക്കിയെങ്കിലും, കാറിനുള്ളിൽ പ്രത്യേകം ഇൻസ്റ്റോൾ ചെയ്തിരുന്ന ‘ആപ്പിൾ എയർ ടാഗ്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ഈ കാർ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.
വാഹന മോഷണം നടക്കുന്നതിന് തൊട്ടുമുന്പ് വീട്ടിലേക്ക് നോക്കാതെ മൂന്ന് പേർ റോഡിലൂടെ നടന്നുപോകുന്നത് സുഭാഷിന്റെ വീട്ടിലെ കാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ, നിമിഷങ്ങൾക്ക് ശേഷം സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ കാമറകൾ പ്രവർത്തന രഹിതമാക്കി അവർ കാർ മോഷ്ടിക്കുകയായിരുന്നു.
മോഷ്ട്ടാക്കാൾ ഹണ്ടിംഗ്ടണിലെ ടിസി ഹാരിസൺ എന്ന ഗാരേജിൽ വാഹനം എത്തിച്ചതായ ട്രാക്കിങ്ങിൽ വ്യക്തമായ ഉടൻ തന്നെ സുഭാഷ് പോലീസിനെ വിവരം അറിയിക്കുകയും അവർ ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. അപകടം മണത്ത മോഷ്ട്ടാക്കൾ പിന്നീട് വാഹനം കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിംഗ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ എത്തിക്കുകയാണുണ്ടായത്.
അവിടെനിന്ന് ബോട്ടിൽ വാഹനം കടൽമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. ഹണ്ടിംഗ്ടണിൽ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പോലീസിന് വഴികാട്ടികൊണ്ടിരുന്നു. അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേക്ക് ആംഡ് പോലീസ് ഉൾപ്പെടെ ഇരച്ചു കയറുകയും ഗോഡൗൺ ഉടമ ഉൾപ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. ഇതുപോലെ മോഷ്ടിക്കപ്പെട്ട അനേകം കാറുകൾ പൊളിച്ചു കടത്താൻ തയാറാക്കി വച്ചിരിക്കുന്ന കാഴ്ച്ചയാണ് അവിടെ എത്തിയ പോലീസ് കണ്ടത്.
ഈ ഗ്രൂപ്പിന്റെ എല്ലാ കണ്ണികളിലേക്കുമുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ലഭിക്കുന്ന ഓർഡർ അനുസരിച്ച് കാറുകൾ മോഷ്ടിച്ച് വിൽക്കുന്ന ഒരു അന്താരാഷ്ട്ര കൊള്ള സംഘത്തിന്റെ കണ്ണികളാണിവരെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ പിടികൂടാൻ സഹായിച്ച സുഭാഷിന് പ്രത്യേക നന്ദിയും അവർ അറിയിച്ചു.
ഗോഡൗണിൽ എത്തിച്ച ഉടനെ മോഷ്ട്ടാക്കൾ സുഭാഷിന്റെ കാറും കഷ്ണങ്ങളാക്കി മാറ്റിയിരുന്നു. എന്നിരുന്നാലും തെഫ്റ്റ് – ഗ്യാപ്പ് ഇൻഷുറൻസുകളുടെ പരിരക്ഷ ഉള്ളതിനാൽ വണ്ടിയുടെ മുഴുവൻ തുകയും അദ്ദേഹത്തിന് ഇൻഷുറൻസ് കമ്പനി വഴി ലഭിക്കും.