ഇടുക്കി: കൃഷിയിടത്തിലേക്ക് ഭർത്താവിന് ചായയുമായി വിരികയായിരുന്നു ഇന്ദിരാമ്മ. ഒപ്പം കൂട്ടുകാരി സൂസനും ഉണ്ടായിരുന്നു. തന്റെ സുഹൃത്തിനെ ആന ചവിട്ടിക്കൊല്ലുന്നത് കണ്ടു കരയാൻ മാത്രമെ അവർക്ക് സാധിച്ചുള്ളൂ. 74കാരിയായ സൂസൻ ദാരുണ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെയും മുക്തയായിട്ടില്ല.
“ഇന്ദിരയുടെ കൂടെ ചായ കൊടുക്കാൻ വന്നതായിരുന്നു ഞാൻ. അപ്പോഴാണ് പറമ്പിലൂടെ കാട്ടാന കയറി വന്നത്. ആന വരുന്നത് കണ്ട അപ്പുറത്ത് നിന്ന് ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ഞങ്ങളത് കേട്ടില്ല. എനിക്ക് കേൾവി കുറവുണ്ട്.
ആന അടുത്തെത്തിയപ്പോഴാണ് അതിനെ കണ്ടത്. ഉടനെ ആന വരുന്നു ഇന്ദിരാമ്മേ എന്നു വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ആന അടുത്തെത്തി. പിന്നെ എന്തൊക്കെയാ ചെയ്തതെന്ന് വിവരിക്കാൻ പറ്റില്ല,”
“ഞാൻ അയ്യോ എന്ന് നിലവിളിച്ചു കരഞ്ഞു. ആന എന്നെ ഓടിച്ചു. എന്നെ കിട്ടാത്ത ദേഷ്യത്തിന് ആ പാവത്തിനെ ചവിട്ടി. പിന്നെയും കൊമ്പു കൊണ്ട് കുത്തി. എന്തൊക്കെയോ ചെയ്തു. എന്നെ കിട്ടാത്ത ദേഷ്യത്തിന് കൊലവിളിച്ചാണ് പോയത്. അപ്പുറത്ത് മകൻ ഉണ്ടായിരുന്നു. നാട്ടുകാരിൽ ചിലർ കല്ലെടുത്ത് ആനയെ എറിഞ്ഞെങ്കിലും അതിന് എന്ത് സംഭവിക്കാനാ?,”
“എനിക്ക് ഇനിയും ഇവിടെ ജീവിക്കാൻ ഭയമാണ്. പക്ഷേ, ഞങ്ങൾ എങ്ങോട്ടേക്ക് പോകാനാണ്? ഏഴ് മാസമായിട്ട് പെൻഷൻ പോലും കിട്ടിയിട്ടില്ല. വാടക കൊടുത്തൊന്നും ജീവിക്കാൻ ഞങ്ങൾക്ക് കഴിയില്ല.
തീയിട്ടില്ലെങ്കിലും ആന നിൽക്കണത് പറമ്പിൽ കൂടിയാണ്. കാട്ടിൽ ഒന്നും തിന്നാനില്ലെങ്കിൽ ആന പിന്നെ പുരയിലും പറമ്പിലും കൂടിയാണ് നടക്കുന്നത്. അക്കരെ നിന്നാണ് ആനയെ ഓടിച്ചത്. ഫോറസ്റ്റുകാർ ഒന്നും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല,”
“ഒരാളെ കൊന്നാലും ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായതോടെ ആന ഇനിയും ആളുകളെ കൊല്ലുമെന്ന് ഉറപ്പാണ്. എനിക്കാണെങ്കിൽ ചെവി പോലും കേൾക്കൂല. വലിയ കൊമ്പ് ഒക്കെയുള്ള ആനയാണ്. ഇന്ദിരയെ കൊല്ലുന്നത് നേരിൽ കണ്ടു. സംഭവം നേരിട്ട് കണ്ടിട്ടില്ലേൽ പോലും ഇത്രയും സങ്കടം തോന്നുകയില്ല,” സൂസൻ പറഞ്ഞുനിർത്തി.