തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ക്രൂരമായ മർദ്ദനത്തെതുടർന്ന് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനായി ഗവർണർ തേടുന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ.
ജനകീയ വിഷയങ്ങളിൽ കൃത്യമായി ഇടപെടുകയും പൊതുതാത്പര്യം മനസിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് സിദ്ധാർത്ഥിന്റെ മരണത്തിൽ നീതിയുക്തമായ അന്വേഷണം നടത്താനാവുമെന്ന് ഗവർണർ വിലയിരുത്തുന്നു. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്ത് ചർച്ച ചെയ്യാൻ ഹൈക്കോടതിയുടെ ഫുൾബഞ്ച് ചേരുമെന്നാണ് അറിയുന്നത്.
സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് ഗവർണർ ആവശ്യപ്പെടും
സോളാർ കേസിലടക്കം നിരവധി ജുഡീഷ്യൽ അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സിറ്റിംഗ് ജഡ്ജിയുടെ സേവനം അന്വേഷണത്തിന് അടുത്തിടെയെങ്ങും ഹൈക്കോടതി വിട്ടുനൽകിയിട്ടില്ല. സിദ്ധാർത്ഥിന്റെ മരണത്തിലേക്ക് നയിച്ച ആൾക്കൂട്ട വിചാരണയുടെ ഭീകരതയും കേരളത്തിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയും കണക്കിലെടുത്താണ് ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി വേണമെന്ന നിലപാടിൽ ഗവർണർ എത്തിയത്.
സിദ്ധാർത്ഥിനെ ഹോസ്റ്റലും ക്യാമ്പസിലും സമീപത്തെ കുന്നിൻമുകളിലും മൂന്നു ദിവസം കെട്ടിയിട്ട് മർദ്ദിച്ച് തുള്ളി വെള്ളമോ ഭക്ഷണമോ നൽകാതെ മൃതപ്രായരാക്കിയത് കോളേജിലെ എസ്.എഫ്.ഐ, യൂണിയൻ നേതൃനിരയിലുള്ളവരാണ്. ഇത്തരം സംഭവങ്ങൾ ക്യാമ്പസുകളിൽ ആവർത്തിക്കപ്പെടാതിരിക്കാൻ അതിശക്തമായ അന്വേഷണവും നടപടിയും വേണമെന്നാണ് ഗവർണറുടെ നിലപാട്.
ഗവർണർ ആശങ്കപ്പെട്ടതു പോലെയാണ് ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിന്റെ പോക്ക്. സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയ സിദ്ധാർത്ഥിനെ പാതി വഴിയിൽ തിരികെ വിളിച്ച് മർദ്ദിച്ച് അവശനാക്കി കഴുത്തിൽ വയറിന് കെട്ടിയിട്ട് മുറിവേൽപ്പിച്ചും ദേഹമാസകലം മർദ്ദിച്ചും വെള്ളമോ ഭക്ഷണമോ കൊടുക്കാതെ നരകിപ്പിച്ചും രണ്ട് ബെൽറ്റുകൾ പൊട്ടുന്നതു വരെ അടിച്ചുമൊക്കെ മൃതപ്രായനാക്കിയ കേസായിട്ടും പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
ക്രിമിനൽ ഗൂഢാലോചനയും ചുമത്തിയിരുന്നില്ല. മാദ്ധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെയാണ് ഗൂഢാലോചനാകുറ്റം ചുമത്തിയത്. കേരളാ പോലീസ് സമർത്ഥരാണെങ്കിലും ഭരണപ്പാർട്ടി അവരെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. പ്രതികൾക്ക് കീഴടങ്ങാൻ അവസരമൊരുക്കിയ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് തുറന്നടിച്ച ശേഷമാണ് ഗവർണർ ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്തയച്ചതായി അറിയിച്ചത്.
സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ക്യാമ്പസിലുള്ളപ്പോൾ 3ദിവസം നീണ്ട ക്രൂരസംഭവം അധികൃതർ അറിഞ്ഞില്ലെന്നത് ദുരൂഹമാണെന്ന് ഗവർണർ പറയുന്നു
പോസ്റ്റുമാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത് ഇത് റാഗിംഗല്ല, കൊലപാതകമാണെന്നാണ്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അനുവദിച്ചില്ല. സർവകലാശാലാ ഹോസ്റ്റലുകൾ എസ്.എഫ്.ഐ അവരുടെ താവളമാക്കി മാറ്റിയിരിക്കുന്നു. അവിടെ ക്രിമിനൽ, അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നു.
സർവകലാശാലാ അധികൃതർക്കു പോലും ഹോസ്റ്റലിലേക്ക് പോവാൻ ഭയമാണ്. എസ്.എഫ്.ഐ പോപ്പുലർ ഫ്രണ്ടുമായി ചേർന്ന് പ്രവർത്തിക്കുന്നു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. മികച്ച സേനയാണെങ്കിലും ഭരണപാർട്ടി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. അന്വേഷണം കഴിഞ്ഞ് കൂടുതൽ നടപടി- ഇതാണ് ഗവർണർ വിശദീകരിച്ചത്.
അതേസമയം, മകനെ ബോധം കെട്ടപ്പോൾ തൂക്കിലേറ്റി തെളിവു നശിപ്പിച്ചതാണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചു. വി.സിയും ഡീനും വാർഡനുമെല്ലാം ഒറ്റക്കെട്ടാണ്. ഇവരുടെ റോളും അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ജുഡീഷ്യൽ അന്വേഷണ പരിധിയിൽ ഇതെല്ലാം ഉൾപ്പെടുത്തും.