കോയമ്പത്തൂർ: കോയമ്പത്തൂരിൽ നിന്ന് ജയിച്ചുകയറി പാർലമെന്റിൽ എത്താമെന്ന ഉലകനായകൻ കമലഹാസന്റെ സ്വപ്നം ഇത്തവണയും പൂവണിയാനിടയില്ല. കമലിന്റെ ആഗ്രഹത്തിന് ഡി.എം.കെ അനുകൂലമാണെങ്കിലും സി.പി.എമ്മാണ് എതിരുനിൽക്കുന്നത്. നിലവിൽ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ് കോയമ്പത്തൂർ. കമലിനെ മത്സരിപ്പിക്കാൻ കോയമ്പത്തൂരിന് പകരം തെങ്കാശി നൽകാമെന്ന് ഡി.എം.കെ നേതൃത്വം സി.പി.എമ്മിനെ അറിയിച്ചെങ്കിലും പാർട്ടി വഴങ്ങിയിട്ടില്ല. ഡി.എം.കെ മുന്നണിയിൽ കോൺഗ്രസ് ടിക്കറ്റിൽ കോയമ്പത്തൂരിൽ മത്സരിക്കാനാണ് കമലിന്റെ നീക്കം. സി.പി.എം ഒരുതരത്തിലും വഴങ്ങിയില്ലെങ്കിൽ ഒഴിവു വരുന്ന അടുത്ത രാജ്യസഭാ സീറ്റ്‌ ഡി.എം.കെ കമലിന് നൽകിയേക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ ബന്ധമുള്ള കമൽ ആ വഴിക്ക് ചില സമ്മർദ്ദ തന്ത്രങ്ങൾ നടത്തിയെങ്കിലും സി.പി.എം തമിഴ്നാട് ഘടകം വഴങ്ങിയില്ല. സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് പി.ആർ. നടരാജന്റെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന് സി.പി.എം തീരുമാനിക്കുകയായിരുന്നു. അതോടെ പിണറായി വഴിയുള്ള സമ്മർദ്ദ തന്ത്രം പാളി. കോയമ്പത്തൂരിലേതു പോലെ അടിത്തറയും ജയസാദ്ധ്യതയും തെങ്കാശിയിൽ ഇല്ലെന്നതാണ് സി.പി.എമ്മിനെ പിന്നോട്ടടിക്കുന്നത്.
തമിഴ്നാട്ടിൽ ഡി.എം.കെയും ഇടതുപാർട്ടികളും തമ്മിലുള്ള സീറ്റു പങ്കുവയ്ക്കലിൽ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു സീറ്റുകൾ വീതം നൽകി. സി.പി.എമ്മിന്റെ മധുര, കോയമ്പത്തൂർ സിറ്റിംഗ് സീറ്റുകളും സി.പി.ഐയുടെ തിരുപ്പൂർ, നാഗപ്പട്ടണം സീറ്റുകളും അവർക്കു തന്നെ നൽകാനാണ് സാദ്ധ്യത.
സിറ്റിംഗ് സീറ്റുകൾ തന്നെ വേണമെന്ന വാശിയിലാണ് ഇരു പാർട്ടികളും.  സഖ്യകക്ഷിയായ മുസ്ലിം ലീഗിനും ഡി.എം.കെ ഒരു സീറ്റ്‌ മാറ്റിവയ്ക്കും. കമലിനു വേണ്ടി ഡി.എം.കെ കോയമ്പത്തൂർ സീറ്റിൽ സമ്മർദ്ദം തുടരുമെന്നാണ് അറിയുന്നത്.
 തമിഴ്നാട്ടിൽ 39 ലോക്സഭാ സീറ്റുകളാണുള്ളത്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റുകളിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചിരുന്നു.മക്കൾ നീതി മയ്യം ചെയർമാനായ കമലഹാസൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. നീതി മയ്യം പാർട്ടിയുടെ ചിഹ്നമായ ടോർച്ച് ഉപേക്ഷിച്ച് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം നേരത്തേ അംഗീകരിച്ചതാണ്. ഡി.എം.കെ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ കമൽഹാസൻ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കട്ടെയെന്ന് ഡി.എം.കെ നിർദ്ദേശം വച്ചതായി സൂചനയുണ്ട്. എന്തായാലും ഉലകനായകന്റെ സീറ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *