കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായി കുവൈത്തിൽ പ്രവർത്തിക്കുന്ന മദ്റസകളിൽ നടന്ന 2023-24 അധ്യായന വർഷത്തെ പൊതു പരീക്ഷ സമാപിച്ചു. അഞ്ച് ,ഏഴ് പത്ത്, പന്ത്രണ്ട് എന്നീ ക്ലാസുകളിലായി 125 ഓളം കുട്ടികളാണ് പരീക്ഷ എഴുതിയത്. അബ്ബാസിയ-ദാറുത്തർബിയ മദ്റസ, ഫഹാഹീൽ-ദാറുത്തഅലീമിൽ ഖുർആൻ മദ്റസ, സാൽമിയ-മദ്റസതുന്നൂർ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് ആണ് പരീക്ഷ നടന്നത്.
സമസ്ത വിദ്യാഭ്യാസ ബോർഡ് നിശ്ചയിച്ച പത്തോളം സൂപ്പർ വൈസർമാരാണ് പരീക്ഷകൾ നിയന്ത്രിച്ചത്. പരീക്ഷകളുടെ മേൽനോട്ടം വഹിക്കാൻ പരീക്ഷ സൂപ്രണ്ടായി മുഹമ്മദലി പുതുപ്പറമ്പിനെ വിദ്യാഭ്യാസ ബോർഡ് നേരത്തേ നിശ്ചയിച്ചിരുന്നു. പരീക്ഷക്കുള്ള ചോദ്യപേപ്പർ അബ്ബാസിയ വാദിനൂറിൽ വെച്ച് നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളിലായി പരീക്ഷ കേന്ദ്രങ്ങൾ സൂപ്രണ്ട് വിസിറ്റ് ചെയ്ത് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്ത മദ്രസാ മാനേജ്മെന്റുകളോടും കൃത്യ നിർവഹണത്തിൽ ഒരു വീഴ്ചയും വരുത്താതെ പരീക്ഷകൾ നിയന്ത്രിച്ച സൂപ്പർവൈസർമാരോടും കുവൈത്ത് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നന്ദി അറിയിച്ചു
പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നത വിജയം കൈവരിക്കാൻ സാധിക്കട്ടേ എന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസിയും ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസിയും ആശംസിച്ചു. റമളാൻ പകുതിയോട് കൂടി റിസൽട്ട് അറിയാൻ സാധിക്കുമെന്ന് പരീക്ഷ ബോർഡ് ചെയർമാൻ അബ്ദുസ്സലാം മുസ്‌ലിയാർ അറിയിച്ചു.