അഗര്‍ത്തല: മകന്‍ മരിച്ചത് കിടപ്പിലായ അമ്മ അറിഞ്ഞില്ല. തൊട്ടടുത്ത മുറിയില്‍ മകന്റെ മൃതദേഹത്തോടൊപ്പം 82 വയസുകാരിയായ അമ്മ കഴിഞ്ഞത് എട്ട് ദിവസം. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വീട്ടിലെത്തിയ അയല്‍വാസികളാണ് 54 വയസുകാരന്റെ മൃതദേഹം കാണുന്നത്.
അഗര്‍ത്തലയിലെ ശിവ് നഗറിലാണ് സംഭവം. മാതാവ് വര്‍ഷങ്ങളായി പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ്. മകന്‍ സ്ഥിരം മദ്യപാനിയാണ്. കുടുംബ വഴക്കിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് മരുമകള്‍ വീട് വിട്ടുപോയ ശേഷം മകന്‍ സുധീറിനൊപ്പമാണ് കല്യാണി സൂര്‍ ചൗധരി താമസിച്ചിരുന്നത്.
മരിച്ചയാള്‍ക്ക് മാനസികാസ്വസ്ഥ്യമുള്ളതായി പോലീസ് സംശയിക്കുന്നു. നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികള്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. അമിത മദ്യപാനത്തെത്തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.