തിരുവനന്തപുരം: അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമായ വി.എസ്. അനില്‍കുമാറിനെയാണ് ഇന്നു പുലര്‍ച്ചെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം.
ടൂറിസം വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അനില്‍. മരിക്കുന്നതിനു മുമ്പ് അനില്‍ തന്റെ ആത്മഹത്യാക്കുറിപ്പ് അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചു.
സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ അനിലിനെ കണ്ടെത്തിയത്. ജൂനിയര്‍ അഭിഭാഷകരുടെ മോശം പെരുമാറ്റം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് അനിലിന്റെ കുറിപ്പിലുള്ളത്.
”ഒരേ ഓഫീസിലെ രണ്ടു ജൂനിയര്‍ അഡ്വക്കറ്റുമാരുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലമുണ്ടായ അപമാനം താങ്ങാതെ ഇവിടം വിടുകയാണ്. അര്‍ധരാത്രി ഇവര്‍ ആള്‍ക്കാരെ കൂട്ടി എന്റെ വീട്ടില്‍ വന്ന് അട്ടഹസിച്ചു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല. മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസേജ്..” എന്നുമാണ് ആത്മഹത്യ കുറിപ്പ്. അനിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍: 1056, 0471-2552056)