ജിദ്ദ: മദ്ധ്യ സൗദിയിലെ അൽഖസീം പ്രവിശ്യയിൽ പെടുന്ന ഉനൈസ നഗരത്തിലെ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം, താഴത്തുവയൽ, ചായക്കടമുക്ക്, തെക്കേവിള അപ്പുക്കുട്ടൻ മകൻ കണ്ണൻ (44) ആണ് ഉറക്കത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലെ ഉറക്കത്തിലായിരുന്നു അന്ത്യം. ഭാര്യ: അനിത. മക്കൾ: ദേവിക, ഗോപിക.
വെള്ളിയാഴ്ച രാത്രി നാട്ടിലുള്ള ഭാര്യ അനിതയെ ഫോണിൽ വിളിച്ച കണ്ണൻ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും ഗുളിക കഴിച്ച് കിടക്കുകയാണ് തിരികെ വിളിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു. രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് അടുത്തുള്ളവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. പ്രദേശത്തെ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ടൈൽസ് ജോലികളിൽ വ്യാപൃതനായിരുന്ന കണ്ണൻ ഉനൈസയിലെ സലഹിയ്യ ഏരിയയിലായിരുന്നു താമസം. പന്ത്രണ്ടു വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു കണ്ണന്റെ കൂടെ അടുത്ത കാലം വരെ കുടുംബവും കൂടെയുണ്ടായിരുന്നു.
മൃതദേഹം ഉനൈസ കിംഗ് സഊദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.