ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്ന് പോലീസ്. വൈറ്റ്‌ഫീൽഡ് ഏരിയയിലെ സ്‌ഫോടന സ്ഥലത്ത് നിന്ന് ടൈമറും ഐഇഡിയുടെ മറ്റ് ഭാഗങ്ങളും പോലീസ് കണ്ടെടുത്തു.
നാഷണൽ സെക്യൂരിറ്റി ഗാർഡ് സംഘം ശനിയാഴ്ച രാവിലെ സ്‌ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് കഫേയിൽ ബാഗ് വെച്ച് കടന്നുകളഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച നടന്ന തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.
രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50 നും 1 മണിക്കും ഇടയിൽ നടന്ന സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ പാർട്ടികൾ ഇതിൽ രാഷ്ട്രീയം കളിക്കരുതെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഏകദേശം 28-30 വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ കഫേയിൽ വന്നു, കൗണ്ടറിൽ നിന്ന് റവ ഇഡ്ഡലി വാങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇയാൾ ബാഗ് കഫേയോട് ചേർന്നുള്ള ഒരു മരത്തിനടുത്ത് വെച്ചിട്ട് പോയി. തുടർന്ന് ഒരു മണിക്കൂറിന് ശേഷം സ്‌ഫോടനം നടന്നതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. 
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ), സ്‌ഫോടക വസ്തു നിയമം എന്നിവ പ്രകാരമുള്ള കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഏറ്റെടുത്തു. ബെംഗളൂരു പോലീസിനൊപ്പം ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) സംഭവം അന്വേഷിക്കുന്നുണ്ട്.
 ഏഴ് മുതൽ എട്ട് വരെ ടീമുകൾ രൂപീകരിച്ചിട്ടുണ്ട്, കുറ്റവാളിയെ എത്രയും വേഗം കണ്ടെത്തുക എന്നതാണ് പ്രധാന മുൻഗണനയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *