കെൻസിങ്‌ടൻ: ലണ്ടനിലെ സൗത്ത് കെൻസിങ്‌ടണിൽ ഉണ്ടായ വൻ തീപിടുത്തത്തെ തുടർന്ന് എട്ട് പോലീസ് ഉദ്യഗസ്ഥർ ഉൾപ്പടെ പതിനൊന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് കെൻസിങ്‌ടണിലെ 5 നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അർദ്ധരാത്രി 12.31 – നാണ് തീപിടിച്ചത്. തീ ആളിപടരുകയും പരിസരമാകെ പുക നിറയുകയും ചെയ്ത്. സംഭവത്തെ തുടർന്ന് കെൻസിങ്ടൻ ഗേറ്റിന് സമീപത്തെ വീടുകളിൽ നിന്ന് 160 – ഓളം പേരെ ഒഴിപ്പിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി.
പരിക്ക്പറ്റിയും ശ്വാസംമുട്ടിയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 11 പേരിൽ 8 പേർ പൊലീസ് ഉദ്യോഗസ്‌ഥരാണ്. താഴത്തെ നിലയിൽ നിന്നും ക്ഷണനേരം കൊണ്ട് കെട്ടിടത്തിന്റെ മേൽക്കൂരയിലേയ്ക്ക് പടർന്ന തീ വെളുപ്പിന് 5.30 – ഓടെ നിയന്ത്രണ വിധേയമാക്കിയതായി ലണ്ടൻ ഫയർ ബ്രിഗേഡ് സ്ഥിതീകരിച്ചു. ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ട്.
തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ. തീ പൂർണമായും അണയ്ക്കുന്നതിനുള്ള ഉദ്യമത്തിൽ 15 ഫയർ എഞ്ചിനുകളും നൂറോളം അഗ്നിശമന സേനാംഗങ്ങളും പരിശ്രമത്തിലാണെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് ഉദ്യോഗസ്‌ഥർ പറഞ്ഞു.