മലപ്പുറം- മധുരത്തിനോടും ഓയിലിനോടും ‘നോ’ പറയാനൊരുങ്ങി മലപ്പുറം. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന ജനകീയ കാമ്പയിന്‍ ‘നെല്ലിക്ക’യ്ക്ക് തുടക്കമായി. 
മലപ്പുറം കോട്ടക്കുന്നില്‍ നടന്ന കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. ആര്‍. വിനോദ് നിര്‍വഹിച്ചു. ഭക്ഷണങ്ങളില്‍ മധുരവും ഉപ്പും ഓയിലും ഉപയോഗിക്കുന്നത് കുറച്ചാല്‍ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ പിടിച്ചുകെട്ടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകളില്‍ ഹെല്‍ത്തി കൗണ്ടറുകള്‍ സ്ഥാപിക്കണം. ശാരീരിക, മാനസിക വ്യായാമങ്ങള്‍ ശീലമാക്കണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍, വൃക്ക രോഗികളുള്ളത് മലപ്പുറത്താണ്. ഈ അവസ്ഥക്ക് ഒരു മാറ്റമുണ്ടാകണം. ആദ്യം പുളിക്കുമെങ്കിലും പിന്നീട് മധുരിക്കുന്ന നെല്ലിക്ക പോലെ ഈ ക്യാംപയിന് വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നെല്ലിക്ക കാമ്പയിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു.
നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് ഹാനീകരമാകുന്ന  കൃത്രിമ നിറങ്ങള്‍, അമിതമായ അളവിലുള്ള ഓയില്‍, ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന  ലക്ഷ്യവുമായാണ് ‘നെല്ലിക്ക’ കാമ്പയിന്‍ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരെയും ഒരു പോലെ ചേര്‍ത്തു നിര്‍ത്തി ഭക്ഷണ നിര്‍മാണ രീതിയിലും ഉപയോഗത്തിലും വലിയൊരു മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കാമ്പയിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഐ എം എ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്‍, ബേക്കേഴ്സ് അസോസിയേഷന്‍, കേറ്ററേഴ്സ് അസോസിയേഷന്‍, ട്രോമാകെയര്‍, റസിഡന്റ്സ് അസോസിയേഷന്‍, യുവജന സന്നദ്ധ സംഘടനകള്‍, സാമൂഹിക സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
2024 March 1Keralanellikkatitle_en: Malappuram ready to say ‘no’ to sweet; ‘Nellika’ campaign started

By admin

Leave a Reply

Your email address will not be published. Required fields are marked *