കൊച്ചി: ജൂലൈ 17 ന് കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണ ചടങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു.
ഫയർ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തിൽ കൂടുതൽ ജീവനക്കാരെ സ്ഥലത്ത് വിന്യസിക്കും. സ്‌കൂബ ഡൈവേഴ്സ്, എയർ എൻജിനുകൾ, ബോട്ടുകൾ, റബ്ബർ ഡിങ്കികൾ എന്നിവ സ്ഥലത്ത് സജ്ജമാക്കും. നീന്തൽ അറിയാവുന്ന സിവിൽ ഡിഫൻസ് വൊളന്റിയർമാരെ സ്ഥലത്ത് സജ്ജമാക്കും.
ബലിതർപ്പണം നടക്കുന്ന പ്രധാന കേന്ദ്രമായ ആലുവ മണപ്പുറത്ത് മഴയുടെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കും. ചേലാമറ്റം, കാലടി അദ്വൈതാശ്രമം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കടവുകളിൽ ചെളി അടിഞ്ഞു കൂടിയിട്ടില്ലെന്ന് ഉറപ്പാക്കും. സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. പ്രധാന റോഡുകളിലും തിരക്ക് കൂടുന്ന സ്ഥലങ്ങളിലും ഗതാഗതം ക്രമീകരിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തിൽ കൂടുതൽ ലൈറ്റിംഗ് സജ്ജീകരണം ഏർപ്പെടുത്തും. കൂടുതൽ ജീവനക്കാരും സ്ഥലത്തുണ്ടാകും.
250 ലധികം വൊളന്റിയർമാർ സേവന സന്നദ്ധരായി രംഗത്തുണ്ടാകും. പെരിയാറിലെ ജലനിരപ്പ് ഇടവിട്ട അവസരങ്ങളിൽ പരിശോധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബയോടോയ് ലെറ്റുകൾ സജ്ജമാക്കും. ശുചീകരണ പ്രവർത്തനങ്ങൾ ദേവസ്വം അധികൃതരുമായി സഹകരിച്ച് നിർവഹിക്കും. കെഎസ്ആർടിസി കൂടുതൽ സർവീസ് ഏർപ്പെടുത്തും.
തോട്ടക്കാട്ടുകര, ഒക്കൽ, കാലടി എന്നിവിടങ്ങളിൽ ദീർഘദൂര ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കും. പ്രധാന സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ആംബുലൻസുകളുടെയും ഡോക്ടർമാരുടെയും സേവനവും ഉറപ്പാക്കും.
