ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. ആദ്യകാലത്ത് ഉത്തരേന്ത്യയില്‍ മാത്രമായിരുന്നു ഹോളി ആഘോഷം എന്നാല്‍ ഇന്ന് ഹോളി ഇങ്ങ് കേരളത്തിലും ഏറെ ജനകീയമായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ണാഭമായ ആഘോഷമായി ഹോളി മാറിക്കഴിഞ്ഞു.
ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുന മാസത്തിലെ പൗര്‍ണമി ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം ആരംഭിക്കുന്നു. പിറ്റേന്നാണ് നിറങ്ങള്‍ ഉപയോഗിച്ചുള്ള യഥാര്‍ഥ ഹോളി ആഘോഷം നടക്കുന്നത്.
ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തൂകിയാണ് ഹോളി ആഘോഷം. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം. അതിനാല്‍, ഈ ആഘോഷത്തെയും പാരമ്പര്യത്തെയും ‘ഹോളി മിലാന്‍’ എന്നും വിളിക്കുന്നുണ്ട്.
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാല്‍ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയ്ക്ക് ഏറെ ഐതിഹ്യങ്ങള്‍ പറയപ്പെടുന്നുണ്ട്. ഉത്തരേന്ത്യയില്‍ പ്രഹ്ലാദനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഹോളിയ്ക്ക് ഏറ്റവും പ്രചാരത്തിലുളളത്.
ഹോളിഗ ദഹന്‍, ധുലന്ദി എന്നിങ്ങനെ രണ്ട് ദിവസത്തെ ആഘോഷമാണ് ഹോളി. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ.
മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു ഭഗവാന്‍ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു അഹങ്കരിച്ചിരുന്നു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും പകരം മൂന്നു ലോകത്തിലുമുള്ള എല്ലാവരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. 
തികഞ്ഞ ഈശ്വര ഭക്തനായിരുന്നു ഹിരണ്യകശ്യപുവിന്റെ അഞ്ചുവയസുകാരനായ മകന്‍ പ്രഹ്ലാദന്‍. പ്രഹ്ലാദനെ മാത്രം ഹിരണ്യകശ്യപുവിന് ഭയപ്പെടുത്താന്‍ കഴിഞ്ഞില്ല. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ച് പ്രഹ്ലാദന്‍ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു.
ഇതില്‍ രോഷാകുലനായ ഹിരണ്യകശ്യപു പ്രഹ്ലാദനെ വധിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ വിഷ്ണുവിന്റെ ശക്തിയാല്‍ പ്രഹ്ലാദനെ ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഇതോടെ ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം തേടി. 
ഹോളിഗയ്ക്ക് അഗ്‌നിദേവന്‍ ഒരു വരം നല്‍കിയിരുന്നു. അഗ്‌നിദേവന്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്‌നിക്കിരയാകില്ലെന്നായിരുന്നു വരം. ഒറ്റയ്ക്ക് തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിനു ശക്തിയുണ്ടാകൂ എന്ന് ഹോളിഗ അറിഞ്ഞിരുന്നില്ല. പ്രഹ്ലാദനെ കയ്യിലെടുത്തു കൊണ്ട് അഗ്‌നിയില്‍ പ്രവേശിപ്പിച്ച ഹോളിഗ അഗ്‌നിക്കിരയായി. പ്രഹ്ലാദന്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. തിന്മയുടെ മേല്‍ നന്മയുടെ വിജയം. 
ഹോളിയുമായി ബന്ധപ്പെട്ട് ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഇതാണ് ‘ഹോളിഗ ദഹന്‍’ എന്നറിയപ്പെടുന്നത്. ഹോളിയുടെ തലേന്ന് രാത്രിയാണ് ഈ ചടങ്ങ് നടത്തുന്നത്. അഗ്‌നിയ്ക്കു ചുറ്റും വലം വച്ച് ആളുകള്‍ നന്മയുടെ വിജയത്തിനായി ആ അവസരത്തില്‍ പ്രാര്‍ത്ഥിക്കും. ഈ ദിവസം ചില ആളുകള്‍ പിതൃക്കളെ സ്മരിച്ച് അവര്‍ക്കുവേണ്ടി പ്രത്യേക പൂജ നടത്താറുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *