ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയ്ക്ക് ഏകദേശം മൂന്ന് മാസത്തിന് ശേഷം നിര്‍ണായക തീരുമാനവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഐജി അനുരാഗ് അഗര്‍വാളിനെ ഏല്‍പ്പിച്ചു.
പാര്‍ലമെന്റ് ഹൗസിലെ സുരക്ഷാ ജോയിന്റ് സെക്രട്ടറിയായി ഐപിഎസ് അഗര്‍വാളിനെ ഓം ബിര്‍ള നിയമിച്ചു. പാര്‍ലമെന്റ് ഹൗസിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവനാണ് സുരക്ഷാ ജോയിന്റ് സെക്രട്ടറി. ഐപിഎസ് അഗര്‍വാള്‍ ഇനി മൂന്ന് വര്‍ഷത്തേക്ക് ഈ സ്ഥാനം വഹിക്കും.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. അദ്ദേഹത്തിന് മുമ്പ് ഐപിഎസ് രഘുബീര്‍ ലാല്‍ ആയിരുന്നു ഈ പദവിയിലിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് അദ്ദേഹത്തെ സ്ഥലം മാറ്റി. അദ്ദേഹത്തിന് ശേഷം ഡയറക്ടര്‍ ലെവല്‍ ഓഫീസര്‍ ബ്രജേഷ് സിംഗ് ഈ സ്ഥാനം കൈകാര്യം ചെയ്തു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 
സുരക്ഷാ ജോയിന്റ് സെക്രട്ടറിയുടെ തസ്തിക ഒരു മാസമായി ഒഴിഞ്ഞുകിടക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 1998 ബാച്ച് അസം-മേഘാലയ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനുരാഗ് അഗര്‍വാള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹം സിആര്‍പിഎഫിന്റെ ഐജിയായി നിയമിതനായത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് ആണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായത്. ലോക്സഭയിലെ സന്ദര്‍ശക ഗാലറിയില്‍ നിന്ന് നടുത്തളത്തിലേക്ക് രണ്ട് പേര്‍ ചാടി സംഘര്‍ഷാവസ്ഥയുണ്ടാക്കുകയായിരുന്നു.  
പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തും രണ്ട് പേര്‍ പ്രതിഷേധമുയര്‍ത്തി. സംഭവവുമായി ബന്ധപ്പെട്ട് സാഗര്‍ ശര്‍മ, മനോരഞ്ജന്‍ ഡി, അമോല്‍ ഷിന്‍ഡെ, നീലം ദേവി, വിശാല്‍ ശര്‍മ, ലളിത് ഝാ എന്നിവരെയാണ് കേസില്‍ പ്രതികളാക്കിയത്. നിലവില്‍ പ്രതികളെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *