മനാമ: ബഹ്റൈൻ വിശ്വകലാ സാംസ്കാരിക വേദി 20-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിശ്വകലാ ഇൻഡോ ബഹ്റൈൻ എൻ്റർടെയ്ൻമെൻ്റ് ഫെസ്റ്റിവൽ വെള്ളിയാഴ്ച (മാര്‍ച്ച് 1) നടക്കും. ഗൾഫ് എയർ ക്ലബിൽ വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെ മന്ത്രിമാർ , പാർലമെൻ്റ് അംഗങ്ങൾ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക മേഖലയിൽ നിന്നുമുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സിനിമാതാരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ ഡാൻസ് പെർഫോമൻസ് , മലയാള ചലച്ചിത്ര പിന്നണി ഗായകരായ കണ്ണൂർ ഷെറീഫ്, സുമി അരവിന്ദ്, യുവ ഗായിക അതിയ ഷീജു എന്നിവർ ഒരുക്കുന്ന ഗാനമേള , നാടൻപാട്ട് കലാകാരൻ സുരേഷ് പള്ളിക്കര , സിനിമ സീരിയൽ താരം ശ്രീലയ റോബിൻ, കഥക് ഡാൻസർ ഖലീൽ ആ സ്വർ, എന്നിവരുടെ പ്രകടനങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും, സ്വദേശികളായ ബഹ്റൈൻ കലാകാരന്മാരും നടത്തുന്ന കലാവിരുന്നും വൈബ് ഫെസ്റ്റിൽ ഒരുങ്ങുന്നു.
ബഹ്റൈൻ മീഡിയ സിറ്റിയാണ് പരിപാടിയുടെ ഇവൻ്റ് മാനേജർ. ഈ പരിപാടിയിലേക്ക് ഏവരെയുംക്ഷണിക്കുന്നു എന്നും പ്രവേശനം സൗജന്യമാണെന്നും ,പ്രസിഡൻ്റ് സുരേഷ് സി എസ്, ജനറൽ സെക്രട്ടറി ത്രിവിക്രമൻ പാടിയത്ത് ,ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ പി വി ചെറിയാൻ, ഓർഗനൈസിങ്ങ് കമ്മിറ്റി വൈസ് ചെയർമാൻ സതീഷ് മൂതലയിൽ എന്നിവർ അറിയിച്ചു.