ന്യൂഡല്‍ഹി: ബി.ബി.എ. വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. നോയ്ഡ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ യാഷ് മിത്തലിനെയാണ് കൊലപ്പെടുത്തിയത്. ദ്രാദ്രിയില്‍ നിന്ന് മൂന്ന് പേരെ സാഹസികമായാണ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
കൊലയ്ക്ക് പിന്നാലെ സുഹൃത്തുക്കള്‍ യാഷിന്റെ പിതാവിനെ വിളിച്ച് മകനെ തട്ടിക്കൊണ്ടുപോയെന്നും ആറ് കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പിതാവ് ദീപക് മിത്ത പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് ക്യാമ്പസിലെത്തി സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പ്രതികളെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം യാഷ് ക്യാമ്പസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടു. ഈ സമയം ഫോണ്‍ ചെയ്തുകൊണ്ടായിരുന്നു പോയിരുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെ ആരെയാണ് വിളിച്ചതെന്ന് കണ്ടെത്താനായി ശ്രമം. കോള്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ അടുത്ത സുഹൃത്തായ മറ്റൊരു വിദ്യാര്‍ത്ഥിയിലെത്തി. ചോദ്യം ചെയ്യലില്‍ താന്‍ ഉള്‍പ്പെടെ നാല് പേരോടൊപ്പം യാഷ് എപ്പോഴും പുറത്തുപോകാറുണ്ടായിരുന്നെന്ന് മൊഴി നല്‍കി.
സംഭവ ദിവസം ക്യാമ്പസില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള യു.പി.യിലെ അമോറയിലേക്ക് പോകാന്‍ സുഹൃത്തുക്കള്‍ യാഷിനെ വിളിച്ചു. ഒരു പാര്‍ട്ടിക്കായാണ് പോയത്. അവിടെവച്ച് ഒരു തര്‍ക്കമുണ്ടാകുകയും അതിനൊടുവില്‍ യാഷിനെ കൊന്ന് അടുത്തുതന്നെയുള്ള ഒരു സ്ഥലത്ത് കുഴിച്ചിടുകയും ചെയ്‌തെന്ന് പിടിയിലായ വിദ്യാര്‍ത്ഥി മൊഴി നല്‍കി. അവിടെ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യാഷിന്റെ കുടുംബാംഗങ്ങള്‍ക്ക് മെസേജുകള്‍ അയച്ചതും മോചനദ്രവം ചോദിച്ചതും അവരുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു എന്നാണ് മൊഴി.