മുംബൈ: വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടിക ബിസിസിഐ ഇന്ന് പുറത്തുവിട്ടിരുന്നു. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഗ്രേഡ് എ + വിഭാഗത്തിലും, ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവര്‍ ഗ്രേഡ് എ വിഭാഗത്തിലും, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ എന്നിവര്‍ ഗ്രേഡ് ബി വിഭാഗത്തിലും, റിങ്കു സിംഗ്, തിലക് വർമ്മ, റുതുരാജ് ഗെയ്ക്വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ എന്നിവര്‍ ഗ്രേഡ് സി വിഭാഗത്തിലും ഉള്‍പ്പെട്ടു.
കൂടാതെ, നിശ്ചിത കാലയളവിനുള്ളിൽ കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ 10 ടി20കളോ കളിക്കുന്ന താരങ്ങളെ അത്ലറ്റുകളെ ‘പ്രോ-റേറ്റാ’ അടിസ്ഥാനത്തിൽ ഗ്രേഡ് സിയിൽ ഉൾപ്പെടുത്തും. ധ്രുവ് ജൂറലും, സര്‍ഫറാസ് ഖാനും ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്, ധര്‍മശാലയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇരുവരും കളിച്ചാല്‍ ഇവരെ ഗ്രേഡ് സിയില്‍ ഉള്‍പ്പെടുത്തും.
ആകാശ് ദീപ്, വിജയ്കുമാർ വൈശാഖ്, ഉമ്രാൻ മാലിക്, യഷ് ദയാൽ, വിദ്വത് കവേരപ്പ എന്നീ താരങ്ങൾക്ക് ഫാസ്റ്റ് ബൗളിംഗ് കരാറുകളും സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ദേശീയ ടീമിനെ പ്രതിനിധീകരിക്കാത്ത ഘട്ടങ്ങളില്‍ എല്ലാ കായികതാരങ്ങളും ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്നതിന് മുൻഗണന നൽകണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചു.
ഇഷാന് കിഷന്, ശ്രേയസ് എന്നിവരെ കരാറില്‍ ഒഴിവാക്കിയതാണ് ഇതില്‍ ശ്രദ്ധേയം. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. എന്നാല്‍ മറ്റു ചില താരങ്ങളും മറ്റ് കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടു. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ഉമേഷ് യാദവ്, ശിഖര്‍ ധവാന്, ദീപക് ഹൂഡ, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍ എന്നിവരാണ് പട്ടികയില്‍ ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖര്‍.