പുന്നയൂർ ∙ തോട് വറ്റിയതോടെ കുട്ടാടൻ പാടശേഖരത്തിലെ ആലാപ്പാലം, പാലക്കുഴി, അണ്ടിക്കോട്ടുകടവ് പ്രദേശത്തെ 150 ഏക്കറോളം നെൽക്കൃഷി പ്രതിസന്ധിയിൽ. തോട്ടിൽ വലിയ കുഴിയെടുത്ത് വെള്ളം ഊറ്റിയാണ് കർഷകർ പാടത്തേക്ക് അടിക്കുന്നത്. വേനൽ കനക്കുന്നതോടെ ഇതിലും വെള്ളം കിട്ടാതെ വരും. പല ഭാഗത്തും നെല്ല് കതിരിട്ടിട്ടുണ്ട്. ഈ സമയത്ത് ആവശ്യത്തിനു വെള്ളം കിട്ടാതെയായാൽ വിളവ് കുറയുമെന്നതാണ് കർഷകരുടെ ആശങ്ക. ചിലയിടങ്ങളിൽ നെല്ലിനു 60 ദിവസത്തെ മൂപ്പേ ആയിട്ടുള്ളൂ. 
60 ദിവസം കൂടി കഴിഞ്ഞാലേ കൊയ്യാറാകൂ. മിക്ക കർഷകരും 120 ദിവസം മൂപ്പുള്ള ഉമ വിത്താണ് ഇറക്കിയിട്ടുള്ളത്. സമഗ്ര കുട്ടാടൻ വികസന പദ്ധതി പ്രകാരം ഏതാനും വർഷം മുൻപാണ് പാടശേഖരങ്ങളിൽ തോട് നിർമിച്ചത്. എന്നാൽ വേണ്ടത്ര ആഴമില്ലെന്ന് പറയുന്നു. അതിനാൽ വെള്ളം സംഭരിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം. തോട്ടിൽനിന്നു മണ്ണുകോരി വരമ്പ് കെട്ടുന്നതിനു പകരം തരിശുകിടക്കുന്ന പാടങ്ങളിൽനിന്നു മണ്ണെടുത്താണ് തോടിന്റെ വരമ്പ് വീതി കൂട്ടിയതത്രെ. ജലസ്രാതസ്സ് കണ്ടെത്തി കുഴൽക്കിണർ നിർമിച്ചാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് കർഷകരുടെ അഭിപ്രായം. തോട് ആഴം കൂട്ടി കൂടുതൽ വെള്ളം സംഭരിക്കാൻ പദ്ധതി തയാറാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed