ലണ്ടന്‍: ഇസ്രായേൽ – പലസ്തീൻ സംഘർഷം തുടരുന്നതിനിടയിൽ, മറ്റു രാജ്യങ്ങളിൽ നിന്നും ഇസ്രായേലിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണ കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. യു കെയും ഇസ്രായേലിനെതിരായി നടപടികൾ കടുപ്പിക്കുന്നതായാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്ന സൂചന. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ഏർപ്പെട്ട ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുൾപ്പടെയുള്ള നടപടിയിലേക്ക് യു കെ നീകുന്നതയുള്ള സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
യുദ്ധം കൊടുംമ്പിരി കൊണ്ടിരിക്കുന്ന ഗാസ്സയിലെ ജന ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നതിനിടയിൽ, കടുത്ത നടപടിയുമായി മുന്നോട്ട് പോകാൻ ബ്രിട്ടന് മേല്‍ സമ്മര്‍ദമേറുകയാണ്. ഇതിന്റെ അനുബന്ധമായാണ് കയറ്റുമതി ലൈസന്‍സ് റദ്ദാക്കാനുള്ള നീക്കം. എന്നാല്‍, ഇക്കാര്യത്തില്‍ പൂർണ്ണമായ ഒരു തീരുമാനം കൈകൊണ്ടിട്ടില്ലെന്നാണ് യു കെയിലെ ഒരു പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തത്.
എന്നിരുന്നാലും, ഇസ്രായേല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് വ്യക്തമായ കണ്ടെത്തലുകൾ ഉണ്ടായാൽ ഉടനടി നടപടിയുണ്ടാകുമെന്ന സൂചനയും അവർ നൽകുന്നുണ്ട്. ഗാസ്സയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും മനുഷ്യക്കുരുതിക്ക് അന്ത്യം കുറിക്കണമെന്നുമാണ് യു കെയുടെ നിലപാട്. വെടിനിർത്താൽ കരാർ ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റു രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് യു കെ, ഇസ്രായേലിന് മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.
2022 – ല്‍ ഒപ്പുവെച്ച കരാർ പ്രകാരം, ഏകദേശം 42 മില്യണ്‍ പൗണ്ട് മൂല്യമുള്ള 114 സ്റ്റാന്‍ഡേര്‍ഡ് ആയുധ ലൈസന്‍സുകളാണ് ആയുധ കൈമാറ്റത്തിനായി ഇസ്രായേലിന് നല്‍കിയത്.
റഫക്കിന് നേരെയുള്ള ആക്രമണം റമദാനിലും തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്രായേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ്, പലസ്തീനിന് മേലുള്ള ആക്രമണത്തില്‍നിന്ന് പിന്നോട്ടില്ലെന്നും ആവര്‍ത്തിച്ചു.
ഇതിനിടയിൽ, വെടിനിര്‍ത്തല്‍ പ്രമേയത്തെ മൂന്നാം തവണയും ഐക്യരാഷ്ട്ര സഭയില്‍ വീറ്റോ ചെയ്ത അമേരിക്കൻ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉയരുന്നത്. യു കെ വിട്ടു നിന്ന വെടിനിര്‍ത്തല്‍ പ്രമേയത്തെ, 13 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ അമേരിക്ക മാത്രമാണ് എതിര്‍ത്തത്. 15 രാജ്യങ്ങളാണ് സമിതിയിൽ ഉള്ളത്.