സൂര്യപ്രകാശമാണ് വൈറ്റമിൻ ഡ‍ിയുടെ പ്രധാന ഉറവിടം. ഭക്ഷണത്തില്‍ നിന്ന് ചെറിയൊരു ശതമാനം വൈറ്റമിൻ ഡിയേ നമുക്ക് ലഭിക്കൂ.വൈറ്റമിൻ ഡി നമുക്ക് വളരെ പ്രധാനമാണ്. എല്ലിന്‍റെയും പേശികളുടെയും ആരോഗ്യത്തിനാണ് ഇത് ഏറെയും ആവശ്യം. കാരണം എല്ലിന്‍റെ ആരോഗ്യത്തിന് വേണ്ട കാത്സ്യം, ഫോസ്ഫറസ് എന്നിവ ശരീരത്തില്‍ പിടിക്കണമെങ്കില്‍ വൈറ്റമിൻ ഡി കൂടിയേ തീരൂ.
എന്ന് മാത്രമല്ല വൈറ്റമിൻ ഡി കുറയുന്നത് നമ്മുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയിലാണ് ബാധിക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യം, മുടിയുടെ ആരോഗ്യം, മാനസികാരോഗ്യം എല്ലാം ബാധിക്കപ്പെടുന്നു. അതിനാല്‍ തന്നെ വൈറ്റമിൻ ഡി കുറഞ്ഞാല്‍ അത് എളുപ്പത്തില്‍ പരിഹരിച്ചേ മതിയാകൂ. ഇതിനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിൻ ഗുളിക/ സപ്ലിമെന്‍റ് എടുക്കാവുന്നതാണ്. ഇതിന് പുറമെ ദിവസവും നിശ്ചിതസമയം സൂര്യപ്രകാശമേല്‍ക്കാനും ശ്രദ്ധിക്കണം.
ഇനി, വൈറ്റമിൻ ഡി കിട്ടുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ ഡയറ്റിലുള്‍പ്പെടുത്താനും നോക്കണം. പ്രധാനമായും നോണ്‍-വെജ് വിഭവങ്ങളാണ് ഇത്തരത്തില്‍ വൈറ്റമിൻ ഡി പ്രദാനം ചെയ്യുന്നത്.  മത്തി-ചൂര-സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍, കോര്‍ഡ് ലിവര്‍ ഓയില്‍, ബീഫ് ലിവര്‍, മുട്ടയുടെ മഞ്ഞ എന്നിങ്ങനെയുള്ള വിഭവങ്ങളിലൂടെയെല്ലാം വൈറ്റമിൻ ഡി കിട്ടും. ഫോര്‍ട്ടിഫൈഡ് സെറില്‍സ്, പാല്‍ എന്നിങ്ങനെയുള്ള വിഭവങ്ങളെയും ഇതിനായി ആശ്രയിക്കാം. 
എങ്കിലും വെജ് വിഭവങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്കും വേണ്ടെ വൈറ്റമിൻ ഡിയുടെ ഉറവിടമായ ചില ഭക്ഷണങ്ങള്‍. അങ്ങനെയുള്ള നാല് വിഭവങ്ങളാണിനി പരിചയപ്പെടുത്തുന്നത്.
1. പാലക് പനീര്‍:- പനീര്‍ വൈറ്റമിൻ ഡിയുടെ നല്ലൊരു ഉറവിടമാണ്. അതിനാല്‍ പനീറിന്‍റെ ഏത് വിഭവവും ഇതിനായി ആശ്രയിക്കാവുന്നതാണ്. എന്നാല്‍ വൈറ്റമിൻ സി, ബി6, മഗ്നീഷ്യം, അയേണ്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ തന്നെ പാലകിനൊപ്പം പനീര്‍ കഴിക്കുന്നത് ഇരട്ടി ഗുണം ചെയ്യും.
2. മഷ്റൂം:- മഷ്റൂം അഥവാ കൂണും വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണമാണ്. അതിനാല്‍ കൂണ്‍ വിഭവങ്ങളും കഴിക്കാവുന്നതാണ്.
3. ഫോര്‍ട്ടിഫൈഡ് മില്‍ക്ക്:- പാല്‍ പ്രോസസ് ചെയ്യുന്ന ഘട്ടത്തില്‍ ഇതിലുള്ള വൈറ്റമിൻ എയും വൈറ്റമിൻ ഡിയും നഷ്ടപ്പെട്ടുപോകുന്നു. അതിനാല്‍ ഫോര്‍ട്ടിഫൈഡ് മില്‍ക്ക് നേരിട്ട് കുടിക്കുന്നതോ അല്ലെങ്കില്‍ ഫോര്‍ട്ടിഫൈഡ് മില്‍ക്കുപയോഗിച്ചുണ്ടാക്കിയ ഖീര്‍ പോലുള്ള സ്വീറ്റ്സോ കഴിക്കാവുന്നതാണ്. വീടുകളില്‍ നിന്ന് കിട്ടുന്ന പാലും ആശ്രയിക്കാവുന്നതാണ്. 
4. ഓട്ട്സ് :- ഫോര്‍ട്ടിഫൈഡ് ഓട്ട്സും ഇത്തരത്തില്‍ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണമാണ്. ഇതും കഴിക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റായി ഇത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed